സൌദിയിലെ നാദാ മലയാളി അസോസിയേഷന്‍ ഈദ്, ഓണാഘോഷം സംഘടിപ്പിച്ചു
Tuesday, September 9, 2014 8:44 AM IST
അല്‍ഹസ(സൌദിഅറേബ്യ): അല്‍ഹസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാദാ മലയാളി അസോസിയേഷന്‍ (എന്‍എംഎ) ഈദ്, ഓണാഘോഷം സംഘടിപ്പിച്ചു.

രാവിലെ നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് കല്ലട ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ലാലന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മാവേലി (ജേക്കബ് മാരാമണ്‍) ഓണ സന്ദേശം നല്‍കി. റോയ് ജോണ്‍, രാജേന്ദ്ര പ്രസാദ്, മുരളീധരന്‍, അബു താഹിര്‍ എന്നിവര്‍ പ്രസംഗിച്ചു. യുസഫ് സ്വാഗതവും തോമസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ കായിക പരിപാടികളും നടന്നു. ചടങ്ങില്‍ കലാ കായിക പരിപാടികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവച്ച മയൂഖ ഷാജി, ഹേബ ജോര്‍ജ്, വൈഷ്ണവി എന്നിവര്‍ക്ക് മാധ്യമ പ്രവര്‍ത്തകരായ ചെറിയാന്‍ കിടങ്ങന്നൂര്‍, അനില്‍ കുറിച്ചിമുട്ടം, മോജിദ് മോഹന്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

വിഭവ സമൃദമായ ഓണ സദ്യക്ക് ശേഷം അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലുങ്കി ഡാന്‍സ്, ജോയ് ആന്‍ഡ് ടീം നടത്തിയ ഒപ്പന, ദിലീപ് അവതരിപ്പിച്ച കവിയരങ്ങ്, ദമാം സ്കൈ ലൈറ്റ് അവതരിപ്പിച്ച ഗാനമേള, കലാഭവന്‍ നസീബിന്റെ മിമിക്രി എന്നിവയും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് വാശിയേറിയ വടം വലി മത്സരവും നടന്നു. അനു രാമചന്ദ്രന്‍ അവതാരിക ആയിരുന്നു.

സുബൈര്‍, രാജീവ്, ഷിബു, രാമചന്ദ്രന്‍, നാസര്‍, ബിജു, ഷാജി, ജോയി, ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.