മദ്യ-വിവാഹധൂര്‍ത്തിനെതിരെയുള്ള കാമ്പയിന്‍ പ്രവാസലോകത്ത് സജീവമാക്കും: കെഎംസിസി
Tuesday, September 9, 2014 8:37 AM IST
റിയാദ്: വിവാഹ ധൂര്‍ത്തിനും മദ്യത്തിനുമെതിരെ മുസ്ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കാമ്പയിന്‍ പ്രവാസികള്‍ക്കിടയില്‍ സജീവമായി സംഘടിപ്പിക്കുമെന്നും കെഎംസിസിയുടെ എല്ലാ ഘടകങ്ങളിലും ഈ സാമൂഹിക ദുരാചാരത്തിനെതിരെയുള്ള പ്രചാരണം സംഘടിപ്പിക്കുമെന്നും കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ശുല്‍ അഹമ്മദ് പറഞ്ഞു.

മത സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സഹകരണത്തോടെ മദ്യ-വിവാഹധൂര്‍ത്തിനെതിരെയുള്ള കാമ്പയിന്‍ പ്രവാസലോകത്ത് സജീവമാക്കും.

കേരളത്തെ സമ്പൂര്‍ണ മദ്യനിരോധിത സംസ്ഥാനമാക്കുമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. ഈ ചരിത്രപരമായ തീരുമാനത്തിനു പിന്നില്‍ മുസ്ലിംലീഗിന്റെ ഭരണരംഗത്തെ ശക്തമായ സാന്നിധ്യം മതമേലധ്യക്ഷന്‍മാരും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും പരസ്യമായി പ്രകടിപ്പിച്ചത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും അര്‍ശുല്‍ അഹമ്മദ് പറഞ്ഞു. വിവാഹ ധൂര്‍ത്തിന്റെ പ്രധാന ഇരകള്‍ പ്രവാസികളാണെന്നും കുടുംബാംഗങ്ങളുടെ പൊങ്ങച്ചത്തിനു വേണ്ടി ധൂര്‍ത്തിന്റെ മേളയാക്കി വിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നതില്‍ നിന്ന് പ്രവാസികളായ നാം പിന്തിരിയണമെന്നും സ്ത്രീധനത്തിന്റെയും പൊങ്ങച്ചത്തിന്റെയും ആഭാസത്തിന്റെയും മേളകളാക്കുന്ന വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതില്‍ നിന്ന് പണ്ഡിതന്‍മാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ഹരിതം 2014ന്റെ ഭാഗമായി ബത്ഹ ഷിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്‍നാസര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ളവര്‍ എംഡി റഹീം വടകര, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍കോയ, ഷീബ രാമചന്ദ്രന്‍, നവാസ് വെള്ളിമാട്കുന്ന്, ഉബൈദ് എടവണ്ണ, കെ.എം.സി.സി വനിത വിഭാഗം പ്രസിഡന്റ് നദീറ ശംസുദ്ദീന്‍, പി.പി അബ്ദുല്‍ അസീസ് പ്രസംഗിച്ചു. അക്ബര്‍ വേങ്ങാട്ട്, കെ.കെ ഖാദര്‍, ശരീഫ് പാലത്ത്, മസൂദ്, റാഷിദ് ദയ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശേരി സ്വാഗതവും ട്രഷറര്‍ അബ്ദുള്ള കോട്ടാംപറമ്പ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍