'വിമാന ടിക്കറ്റ് നിരക്ക് വര്‍ധന: എംപിമാര്‍ നിസംഗത വെടിയണം'
Tuesday, September 9, 2014 8:31 AM IST
ജിദ്ദ: സീസണ്‍ സമയങ്ങളില്‍ ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്ന രീതിയില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന എയര്‍ ഇന്ത്യയടക്കമുള്ള വിമാന കമ്പനികളുടെ നിലപാടിനെതിരെ നിസംഗത വെടിഞ്ഞ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഈ ആകാശ കൊള്ളക്കെതിരെ കേരളത്തില്‍ നിന്നും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയേയും വ്യാമയാന മന്ത്രിയെയും കാണണമെന്നും ഗള്‍ഫ് മലയാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
നാല് കോടി രൂപ ചെലവഴിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന വേഗത്തിലാക്കുന്നതിനുവേണ്ടി സ്ഥാപിച്ച ഇന്‍ലൈന്‍ എക്സറെ ബാഗേജ് പരിശോധനാ യന്ത്രം ചെന്നൈയിലേക്ക് കൊണ്ടുപോവാനുള്ള നീക്കം കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ബാഹ്യ ശക്തികളുടെ ഇടപെടലിന്റെ ഭാഗമാണെന്നും ബന്ധപ്പെട്ടവര്‍ ഇതില്‍ നിന്നും പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ അഷ്റഫ് കളത്തിങ്ങല്‍പാറ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് ചെമ്മാട്, സലാം വേങ്ങര, ശാഫി തിരൂര്‍, അഫ്സല്‍ മണ്ണാര്‍ക്കാട്, ബാലകൃഷ്ണന്‍ തൊഴിയൂര്‍, ഹാഷിം കെ.കെ, അഹമ്മദ് കുട്ടി. വി.പി, കമാല്‍ ഇടപ്പള്ളി, കെ. സലിം എന്നിവര്‍ പ്രസംഗിച്ചു. റഹൂഫ് മങ്കട സ്വാഗതവും ഷമീം ഫറോക്ക് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍