നാടണയാന്‍ വഴിതേടി കന്യാകുമാരി സ്വദേശി
Tuesday, September 9, 2014 6:16 AM IST
ജിദ്ദ: 33 മാസം മുമ്പ് റസ്ററന്റ് ലേബര്‍ വീസയില്‍ സൌദിയിലെ ജിസാ മനില്‍ എത്തിയ കന്യാകുമാരിക്കടുത്ത് മാര്‍ത്താണ്ഡം കുലശേഖരം സ്വദേശി തങ്കപ്പന്‍ അരുമ നായകം (55) നാട്ടില്‍ പോകാന്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ചെന്ന് നടത്തിയ ശ്രമങ്ങളൊക്കെ വൃഥാവിലായി.

നാലു മാസം സ്പോണ്‍സറോടൊപ്പം ജോലി ചെയ്തിട്ടും ശബളവും ഇഖാമയും ലഭിക്കാതെ വന്നതോടെയാണ് സ്വന്തം നിലയില്‍ ജോലി അന്വേഷിച്ച് പലയിടങ്ങളിലും കറങ്ങി തബൂക്കിലെത്തിയത്. തബൂക്കിലെ ജോലിക്കിടയില്‍ ഹൃദയസംബന്ധമായ ഗുരുതര അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ജിദ്ദയിലെത്തി നിതാഖത്ത് ഇളവുകാലം ഉപയോഗപെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരുടെയോ നിര്‍ദേശപ്രകാരം ഒരു പാകിസ്ഥാനി എജന്റ് വഴി എക്സിറ്റ് തരപെടുത്താന്‍ ശ്രമിച്ച് പരാജയപെടുകയും 2000 റിയാല്‍ നഷ്ടപെടുകയും ചെയ്തു. എജന്റ് വാഗ്ദാനം ചെയ്തത് പ്രകാരം ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ എത്തിയെങ്കിലും രോഗബാധിതനാണെന്ന് കണ്ട് അധികൃതര്‍ അവിടെ നിന്നും ഒഴിവാക്കുകയായിരുന്നു. മറ്റൊരു വഴിയില്‍ ഇഖാമയും രേഖകളും ശരിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് 1600 റിയാല്‍ ചെലവാക്കിയെങ്കിലും അതും ഫലം കണ്ടില്ല. തുടര്‍ന്നാണ് റിയാദിലെത്തി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയെങ്കിലും എംബസി സെക്യൂരിട്ടി അധികൃതര്‍ അകത്തേക്ക് കടത്തിവിടാതെ പറഞ്ഞയച്ചു.

എല്ലാവഴികളും അടഞ്ഞ തങ്കപ്പന്‍ അരുമനായകം റിയാദ് നവോദയയുടെ സഹായം തേടിയിരിക്കുകയാണ്. റിയാദ് ഡീപോര്‍ട്ടേഷന്‍ സെന്ററുമായി ബന്ധപെട്ട് തങ്കപ്പനെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് നവോദയ ജീവകാരുണ്യ പ്രവര്‍ത്തകരായ ബാബുജിയും വിക്രമലാലും.

ഇതുവരെ ഇഖാമ എടുത്തിട്ടില്ലാത്ത തങ്കപ്പന്റെ നിയമപരമായ രേഖകള്‍ ശരിയാക്കുന്നതിനും വിമാന ടിക്കറ്റിനുമായി 400 റിയാലോളം ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

നിര്‍ധനനും അസുഖബാധിതനുമായ ഇദ്ദേഹത്തിന്റെ മടക്കയാത്രക്കും തുടര്‍ ചികിത്സക്കും സാമ്പത്തികം നല്‍കി സഹായിക്കുന്നതിന് ഉദാരമതികള്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് നവോദയ പ്രവര്‍ത്തകര്‍.

സഹായിക്കാന്‍ സന്‍മനസുള്ളവര്‍ ബാബുജി 0503433781, വിക്രമലാല്‍ 0501075266.