സൌദി -ഇന്ത്യാ ബിസിനസ് നെറ്റ്വര്‍ക്ക് മുഖാമുഖം സംഘടിപ്പിച്ചു
Tuesday, September 9, 2014 6:13 AM IST
റിയാദ്: 33-ാമത് സൌദി അന്താരാഷ്ട്ര കാര്‍ഷിക ഭക്ഷ്യ പ്രദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികളും സൌദി അറേബ്യയിലെ സ്വദേശികളും വിദേശികളുമായ ബിസിനസ് പ്രമുഖരുമായി സൌദി ഇന്ത്യാ ബിസിനസ് നെറ്റ്വര്‍ക്ക് (എസ്ഐബിഎന്‍) ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ മുഖാമുഖം സംഘടിപ്പിച്ചു. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന 50 കമ്പനികളുടേയും പ്രതിനിധികളും വിവിധ മേഖലയിലുള്ള വ്യവസായികളും മാധ്യമ പ്രവര്‍ത്തകരും മുഖാമുഖത്തില്‍ പങ്കെടുത്തു.

ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കോട്ടല്‍വാര്‍ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് സെക്രട്ടറി പ്രമോദ് കെ. അഗര്‍വാള്‍ പരിപാടി നിയന്ത്രിച്ചു. അപെഡ ജനറല്‍ മാനേജര്‍ ഡോ. തരുണ്‍ ബജാജ് ഇന്ത്യന്‍ കാര്‍ഷിക ഭക്ഷ്യവിപണിയെ പവര്‍പോയിന്റ് പ്രസന്റേഷന്‍ സഹിതം പരിചയപ്പെടുത്തി. സൌദിയിലെ വ്യവസായ വാണിജ്യ സാധ്യതകളെക്കുറിച്ച് ഏണസ്റ് ആന്‍ഡ് യംഗ് കമ്പനിയുടെ പ്രതിനിധി നിതേഷ് ജയിന്‍ വിശദീകരിച്ചു. സൌദി ഇന്ത്യന്‍ ബിസിനസ് കൌണ്‍സില്‍ പ്രസിഡന്റ് കമാല്‍ എസ്. അല്‍ മുനജ്ജദ് ഇന്തോ സൌദി വാണിജ്യ ബന്ധത്തിന്റെ ഊഷ്മളമായ സൌഹൃദത്തെക്കുറിച്ച് സംസാരിച്ചു. ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന ഈ സൌഹൃദം പുതിയ മാനങ്ങളിലേക്ക് വളര്‍ന്നതായും ഇരു അംബാസഡര്‍മാരുടേയും നിതാന്തമായ പരിശ്രമങ്ങള്‍ ഇതിന് പിന്നിലെ ശക്തിയാണെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ടീ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വി. ജന്നര്‍ തേയില വിപണിയെ പരിചയപ്പെടുത്തി. വിശദമായ ചോദ്യോത്തരവേളയും പരസ്പരം പരിചയപ്പെടാനുള്ള അവസരവുമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍