കേരള സമാജം വിയന്നയുടെ ഓണാഘോഷം പ്രൌഡഗംഭീര ചടങ്ങുകളോടെ സമാപിച്ചു
Monday, September 8, 2014 9:01 AM IST
വിയന്ന: ഓസ്ട്രിയയിലെ ആദ്യകാല മാലയാളി സംഘടനയായ കേരള സമാജം വിയന്നയുടെ ഓണാഘോഷം പ്രൌഡഗംഭീര ചടങ്ങുകളോടെ സമാപിച്ചു. സെപ്റ്റംബര്‍ ആറിന് (ശനി) വിയന്നയിലെ ഫ്ളോറിസ്ഡോര്‍ഫിലുള്ള ഹൌസ് ദെര്‍ ബെഗേഗ്നുങ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ അംഗങ്ങള്‍ സംഘടിപ്പിച്ച കലാസന്ധ്യ കലാസ്നേഹികള്‍ക്ക് മികച്ച അനുഭവമായി. വിയന്നയിലെ മലയാളികളുടെ പുതുതലമുറ നേതൃത്വം നല്‍കിയ പരിപാടികള്‍ കലാരൂപങ്ങളുടെ അവതരണത്തിലും സംഘാടകചാതുരിയിലും ഏറെ ശ്രദ്ധേയമായി. ഓണത്തിന്റെ കഥയെ ആസ്പദമാക്കി ആരംഭിച്ച പരിപാടിയില്‍ കേരളത്തിന്റെ തനതായ നാടന്‍ കലാരൂപങ്ങള്‍ എല്ലാംതന്നെ അരങ്ങിലെത്തിച്ച് നടത്തിയ പ്രവേശകം ഏറ്റവും ഹൃദ്യമായി.

ഓസ്ട്രിയയിലെ ഇന്ത്യന്‍ മിഷന്റെ സ്ഥാനപതി രാജീവ് മിശ്ര പൊതു സമ്മേളനത്തിലെ മുഖ്യാഥിതിയായിരുന്നു. അദ്ദേഹത്തോടൊപ്പം പത്നി അമിത മിശ്രയും, എംബസിയിലെ മുതിര്‍ന്ന ഉദ്യാഗസ്ഥരും സന്നിഹിതരായിരുന്നു. ഓസ്ട്രിയയിലെ വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രമൂഖ നേതാക്കളും യുണിയന്‍ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

സമാജത്തിലെ വനിതകള്‍ ഏന്തിയ താലപൊലിയുടെയും ശിങ്കാരിവാദ്യത്തിന്റെ അകമ്പടിയോടെ വിശിഷ്ട അതിഥികളെ സദസിലേക്ക് ആനയിച്ചു. സമാജം പ്രസിഡന്റ് റോഷന്‍ പുരയ്ക്കല്‍ അതിഥികളെ പരിചയപ്പെടുത്തുകയും പൂച്ചെണ്ട് നല്‍കി അവരെ സദസിലേയ്ക്ക് സ്വാഗതം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ രാജിവ മിശ്ര അധ്യക്ഷ പ്രസംഗം നടത്തി.

അംഗങ്ങള്‍ കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞ് മുത്തുകുടകളും താളമേളത്തോടും ഘോഷയാത്രയായി എതിരേറ്റത് ഓസ്ട്രിയക്കാര്‍ക്ക് നവ്യാനുഭവമായെന്നും വിയന്നയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ആത്മാര്‍ഥതയും കഠിനാധ്വാനവും ഇന്ത്യയ്ക്ക് തന്നെ മുതല്‍കൂട്ടാണെന്നും അംബാസഡര്‍ മിശ്രയുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ആശംസാപ്രസംഗത്തില്‍ പ്രസ്താവിച്ചു.

രംഗപൂജയോടെ ആരംഭിച്ച വര്‍ണശബളമായ ചടങ്ങില്‍ കൊയ്ത്തുപാട്ടും തിരുവാതിരയും മഹാബലിയുടെ എഴുന്നള്ളത്തും പരിചമുട്ടുകളിയും നിരവധി നൃത്തനിര്‍ത്യങ്ങളും ആഘോഷത്തിന്റെ വേദിയെ അവിസ്മരണീയമാക്കി. നീണ്ടുനിന്ന കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് കാണികള്‍ കലാരൂപങ്ങളെ പ്രോത്സാഹിപ്പിച്ചത്. സമാജത്തിലെ യുവകലാകാരന്മാര്‍ തന്നെയാണ് ക്ളാസിക്കല്‍, സെമി ക്ളാസിക്കല്‍, സിനിമാറ്റിക്ക് നൃത്തങ്ങളും ഫ്യുഷനും കോറിയോഗ്രാഫി ചെയ്തത്. കലാ സന്ധ്യയിലെ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് ആര്‍ട്സ് ക്ളബ് സെക്രട്ടറി ടിജി കോയിതറ നേതൃത്വം നല്‍കി.

നിരവധി സമ്മാനങ്ങളുമായി സംഘടിപ്പിച്ച തമ്പോല മത്സരം ശ്രദ്ധേയമായി. സമ്മാനങ്ങള്‍ ഫാ. തോമസ് പ്രശോഭ്, ഫാ. ജോഷി വെട്ടിക്കാട്ട് എന്നിവര്‍ വിതരണം ചെയ്തു. സെക്രട്ടറി എബി കുരുട്ടുപറമ്പില്‍ നന്ദിപറഞ്ഞു.

ഓണാഘോഷം വിജയമാക്കാന്‍ പ്രയത്നിച്ച കലാക്കാരന്മാരെയും പരിപാടിയെ പിന്തുണച്ച സ്പോണ്‍സര്‍മാരെയും എബി പ്രത്യേകം അനുസ്മരിച്ചു. ചിരിക്കാനും ചിന്തിക്കാനും ഇടം നല്‍കി ജാക്ക്സണ്‍ പുല്ലേലി രചനയും സംവിധാനവും നിര്‍വഹിച്ച് സമാജത്തിലെ കാലാപ്രതിഭകള്‍ അരങ്ങിലെത്തിച്ച 'ആറാം മുദ്ര' എന്ന സാമുഹ്യ സംഗീത നാടകത്തോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോബി ആന്റണി