മേഴ്സിസൈഡ് റോയല്‍സ് തിരുവോണാഘോഷം 'ഓണപുലരി' വര്‍ണാഭമായി
Monday, September 8, 2014 8:57 AM IST
ലണ്ടന്‍: തിരുവോണപുലരിയില്‍ വിരാല്‍ മലയാളി സമൂഹം തങ്ങളുടെ ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. പ്രന്ടനിലെ സെന്റ് ജോസഫ്സ് പ്രെെമറി സ്കൂള്‍ അങ്കണത്തില്‍ നടന്ന ഓണാഘോഷങ്ങള്‍ക്ക് നാന്ദികുറിച്ചുകൊണ്ട് ജെസി വിനോദിന്റെ നേതൃത്വത്തില്‍ മനോഹരമായ അത്തപൂക്കളമോരുക്കി. തുടര്‍ന്ന് നടന്ന വാശിയേറിയ അഖില യുകെ വടംവലി മത്സരത്തില്‍ ഫ്രന്റസ് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ഒന്നാം സമ്മാനവും ലിവര്‍പൂള്‍ ടൈഗേഴ്സ് രണ്ടാം സമ്മാനവും കരസ്ഥമാക്കി.

ഉച്ചയ്ക്ക് 12.30 നു തൃക്കാകര അപ്പന് തിരുമുല്‍ കാഴ്ച വച്ച് ആര്‍പ്പുവിളികളോടെ മലയാളി സമൂഹത്തിനു സുപരിചിതരായ ജോബന്‍ കുട്ടനാട് തയാറാക്കിയ 23 വിഭവങ്ങള്‍ കേരളീയ ശൈലിയില്‍ തൂശനിലയില്‍ വിളമ്പിയപ്പോള്‍ വിരാല്‍ മലയാളികള്‍ ജാതിമത ഭേദമെന്യേ കുടുംബസമേതം മതിയാവോളം ഓണസദ്യ ഉണ്ടു.

ഉച്ചകഴിഞ്ഞ് ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്കൊണ്ട് ഓണത്തപ്പനെ സ്വീകരിച്ചശേഷം നടന്ന സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ചു വര്‍ണപകിട്ടര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. സമ്മേളനത്തില്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചരല്‍ അസോസിയേഷന്‍ ചെയര്‍പേഴ്സന്‍ ഫ്രാന്‍സിസ് മറ്റത്തില്‍ സെക്രട്ടറി ബിനു മൈലപ്ര, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ഉതുപ്പ്, സെക്രട്ടറി ദിനൂപ് ജോര്‍ജ്, ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ബെന്നി മേച്ചേരിമണ്ണില്‍, വൈദികരായ ഫാ. ലാറി ടോംസ്, ഫാ. തോമസ് തോപ്പപറമ്പില്‍ തുടങ്ങിയ മഹനീയ വ്യക്തികളുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായി.

ഏഇടഋ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജിതിന്‍ ജോമോന് സ്നേഹോപഹാരം സമ്മാനിച്ചു. നന്ദി പ്രകാശനത്തിനുശേഷം ദേശീയ ഗാനത്തോടുകൂടി സമ്മേളനത്തിന് സമാപനം കുറിച്ചു.

2015 ജനുവരി നാലിന് പുതുവത്സര ആഘോഷത്തിനു വീണ്ടും ഒത്തുചേരാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു.

റിപ്പോര്‍ട്ട്: ബിജു പീറ്റര്‍