നീണ്ടൂര്‍ സംഗമം ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ ബാര്‍ട്ടണ്‍ ക്യാമ്പില്‍
Monday, September 8, 2014 8:56 AM IST
നോര്‍ത്ത് സമ്മര്‍സെറ്റ്: സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന നീണ്ടൂര്‍ സംഗമം ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ സമ്മര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ നടക്കും.

കോട്ടയം ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിലായി 200 ല്‍ പരം കുടുംബങ്ങളാണ് ഇവിടേയ്ക്ക് കൂടിയേറിയിരിക്കുന്നത്. ജാതിമത ഭേദമെന്യേ യുകെയിലെ നീണ്ടൂര്‍ക്കാര്‍ക്കായി 2005 ല്‍ ആരംഭിച്ചതാണ് നീണ്ടൂര്‍ ഫ്രന്റ്സ് ഇന്‍ യുകെ എന്ന നീണ്ടൂര്‍ സംഗമം. കഴിഞ്ഞ വര്‍ഷം മാഞ്ചസ്ററില്‍ നടന്ന നീണ്ടൂര്‍ സംഗമം ആഗോള സംഗമമായാണ് ആഘോഷിച്ചത്.

യുകെയില്‍ ആദ്യമായാണ് ഒരു ആഗോള സംഗമം കഴിഞ്ഞ വര്‍ഷം നീണ്ടൂര്‍ ഗ്ളോബല്‍ കണ്‍വന്‍ഷന്‍ എന്ന പേരില്‍ നീണ്ടൂര്‍ നിവാസികള്‍ തുടക്കം കുറിച്ചത്. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാട്ടില്‍ നിന്നും മറ്റ് പല പ്രമുഖരും ഈ സംഗമത്തില്‍ എത്തിയിരുന്നു. കൂടാതെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നും നീണ്ടൂര്‍ നിവാസികള്‍ എത്തി ചേര്‍ന്നപ്പോള്‍ അത് ഒരു പുതിയ ചരിത്രം കുറിക്കുകയായിരുന്നു.

നീണ്ടൂര്‍ സംഗമത്തിന്റെ മേല്‍ നോട്ടത്തിലാണ് എല്ലാവര്‍ഷവും വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ കൊണ്ടാടുന്നത്. നീണ്ടൂരിലെ ദൈനംദിന വാര്‍ത്തകള്‍ ഉള്‍പ്പെടുന്ന നീണ്ടൂരില്‍ നിന്നുളള പ്രവാസികള്‍ക്കായുളള നീണ്ടൂര്‍ പ്രവാസി കോം എന്ന വെബ് സൈറ്റും നീണ്ടൂര്‍ സംഗമത്തിന്റേതാണ്.

അടുത്ത വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന നീണ്ടൂര്‍ സംഗമത്തിന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് ഈ സംഗമത്തില്‍ തുടക്കം കുറിക്കും. അതിലേയ്ക്കായി യൂത്ത് കോഓര്‍ഡിനേറ്റര്‍, വുമണ്‍ കോഓര്‍ഡിനേറ്റര്‍ എന്നിവരെ തെരഞ്ഞെടുക്കും. ദശാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് ദശാബ്ദി സ്മരണികയും സംഗമത്തില്‍ പുറത്തിറക്കും. വൈവിധ്യമാര്‍ന്ന കായിക, കലാ പരിപാടികള്‍, വ്യത്യസ്തമായ ഭക്ഷണങ്ങള്‍ എന്നിവയാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്.

നീണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും കുടിയേറിയിരിക്കുന്ന എല്ലാ ആളുകളെയും സംഗമത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി കുര്യന്‍ : 078 2874 5718, ജെയ്സ് തോമസ് : 078 3389 2281, ബിനീഷ് ഏബ്രഹാം : 079 5047 8728, ജോണി കല്ലിടാന്തിയില്‍ : 078 6884 9273.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍