വിയന്നയില്‍ ഫ്രന്റ്സ് ഓഫ് ചങ്ങനാശേരിയുടെ സൌഹൃദസദസും ഓണാഘോഷവും
Monday, September 8, 2014 8:55 AM IST
വിയന്ന: ചങ്ങനാശേരിയില്‍ നിന്നും വിയന്നയില്‍ താമസിക്കുന്നവരുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് ചങ്ങനാശേരിയിലെ (എഫ്ഒസി വിയന്ന) കുടുംബങ്ങള്‍ ഓണാഘോഷവും സൌഹൃദസദസും സംഘടിപ്പിച്ചു. ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ അസിസ്റന്റ് വികാരി ഫാ. ജോയി പ്ളാത്തോട്ടത്തില്‍ നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഓണത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ ഒരുമിച്ചു പൂകളമൊരുക്കുകയും ഓണപാട്ടുകള്‍ പാടുകയും ചെയ്തു. ചിങ്ങമാസം മലയാളികളെ സംബന്ധിച്ച് പുതുവര്‍ഷ പുലരിയും കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന കാലമായതിനാല്‍ മനസും തെളിയേണ്ട സമയമാണെന്നും അതോടൊപ്പം പുതുജീവിതത്തിന്റെ ചിന്തകള്‍ മനസില്‍ തിരികെയെത്തുമ്പോഴുമാണ് സമൃദ്ധിയും സര്‍വൈശ്വര്യവും നേടാനാകുന്നതെന്ന് സന്ദേശം നല്‍കിയ ഫാ. ജോയി അഭിപ്രായപ്പെട്ടു.

കുസൃതി ചോദ്യങ്ങളും തമാശകളുമായി സംഘടിപ്പിച്ച പ്രശ്നോത്തരിക്ക് ക്രിസ്റി കളപുരയ്ക്കല്‍ നേതൃത്വം നല്‍കി. സദസിനെ വിസ്മയിപ്പിച്ച് ജോയിസ് എറണാകേരില്‍ അവതരിപ്പിച്ച മോണോആക്ട് ഏറെ ഹൃദ്യമായി. ജൂലിയ കുഴിയില്‍ മോഡറേറ്ററായിരുന്നു. അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ആലപിച്ച കുട്ടനാടന്‍ പുഞ്ചയിലെ എന്നുതുടങ്ങുന്ന ഗാനം കൂട്ടായ്മയിലെ സൌഹൃദത്തെ ദീപ്തമാക്കുകയും അതേസമയം കേരളത്തെക്കുറിച്ചുള്ള സുഖമുള്ള ഓര്‍മകള്‍ സമ്മാനിക്കുകയും ചെയ്തു.

എഫ്ഒസിയുടെ പ്രസിഡന്റ് സെല്‍വിച്ചന്‍ കൈലാത്തും മറ്റുകമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ നല്‍കി. ബോബന്‍ കളപുരയ്ക്കല്‍ നന്ദി പറഞ്ഞു. അടുത്ത സമ്മേളനം 2015 ജനുവരി മൂന്നിന് വെല്ലിംഗര്‍ഗാസെയില്‍ തന്നെ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി