'ഭരണപങ്കാളിത്തം-ന്യൂനപക്ഷ പുരോഗതി മുസ്ലിംലീഗ് ലക്ഷ്യം'
Monday, September 8, 2014 8:52 AM IST
റിയാദ്. ആറര പതിറ്റാണ്ട് പിന്നിട്ട് മുസ്ലിംലീഗിന്റെ അധികാര രാഷ്ട്രീയം ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പുരോഗതിയും രാജ്യപുരോഗതിയുമാണെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ അഭിപ്രായപ്പെട്ടു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ 'മുസ്ലിംലീഗും കേരള സര്‍ക്കാരും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംലീഗ് രൂപീകൃതമായ കാലഘട്ടത്തില്‍ പിന്നോക്കമായിരുന്ന ന്യൂനപക്ഷ സമുദായത്തെ മുന്നോട്ടു നയിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ മുസ്ലിംലീഗിന് സാധിച്ചു. കേരളത്തില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്ന ന്യൂനപക്ഷത്തെ ഖാഇദെമില്ലത്തിന്റെയും ബാഫഖി തങ്ങളുടെയും സിഎച്ചിന്റെയും ദീര്‍ഘവീക്ഷണംകൊണ്ട് സാംസ്കാരിക സമ്പന്നമായ സമൂഹമാക്കി മാറ്റുന്നതില്‍ മുസ്ലിംലീഗ് വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതിക്ക് ന്യൂനപക്ഷങ്ങള്‍ പുരോഗതി പ്രാപിക്കുമ്പോള്‍ അതിന് പിന്തുണയേകാന്‍ മുന്നോക്ക സമുദായവും കൂടെയുണ്ടായി എന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷതയാണ്. ഒരു തുള്ളി രക്തം ചിന്തേണ്ട അവസ്ഥയില്ലാതെ ന്യൂനപക്ഷ പുരോഗതി നേടിക്കൊടുക്കാന്‍ സാധിച്ചത് മുസ്ലിംലീഗിന്റെ നേതൃപരമായ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പൊങ്ങിവരുന്ന പല ത്രീവവാദ ശക്തികളെയും തടയിടുന്നതില്‍ മുസ്ലിംലീഗിന്റെ സംഘശക്തി വിജയിച്ചു. പുതുതലമുറ മുസ്ലിംലീഗ് മുന്നോട്ടുവയ്ക്കുന്ന വികസന കാഴ്ചപ്പാടിലേക്ക് മാറി ചിന്തിച്ചുതുടങ്ങിയത് മുസ്ലിംലീഗിനുള്ള വലിയ സ്വീകാര്യതയാണ്. കേരളത്തില്‍ ഘട്ടംഘട്ടമായ മദ്യനിരോധനം നടപ്പാക്കുകയെന്നത് മുസ്ലിംലീഗിന്റെ ലക്ഷ്യമാണ്. വിപ്ളവകരമായ മാറ്റങ്ങളിലൂടെ വിദ്യാഭ്യാസ രംഗത്ത് വന്‍പുരോഗതി കൈവരിക്കാന്‍ മുസ്ലിംലീഗിന് സാധിച്ചു. അധികാര രാഷ്ട്രീയം വികസനത്തിനും രാജ്യപുരോഗതിക്കും ന്യൂനപക്ഷ ക്ഷേമത്തിനും ഉപയോഗപ്പെടുത്തുകയെന്ന മുസ്ലിംലീഗിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ജനാധിപത്യ വിശ്വാസികളുടെ പിന്തുണ എപ്പോഴും ഉണ്ടായിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അബ്ദുസലാം തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍കോയ സ്വാഗതം പറഞ്ഞു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഖാദര്‍ ചെങ്കള, എസ്.വി അര്‍ഷുല്‍ അഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ജലീല്‍ തിരൂര്‍, മുസ്തഫ ചീക്കോട് പ്രസംഗിച്ചു. മുഹമ്മദ് മണ്ണേരി, കെ.പി മുഹമ്മദ് കളപ്പാറ, അബ്ദുള്‍ഖാദര്‍ വെണ്‍മനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍