നോര്‍ക്ക റൂട്ട്സ് പ്രവാസി പുരസ്കാരം വിതരണം ചെയ്തു
Monday, September 8, 2014 8:50 AM IST
തിരുവനന്തപുരം: നോര്‍ക്ക- റൂട്ട്സിന്റെ 2012 ലെ പുരസ്കാരങ്ങള്‍ ഓഗസ്റ് 28 ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പ്രസ്ക്ളബിലെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ വികസന, നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ജേതാക്കള്‍ക്ക് സമര്‍പ്പിച്ചു.

നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. സുദീപ് നന്ദി പറഞ്ഞു.

ആര്‍. സുധീശ് കുമാറിന്റെ (ബഹ്റിന്‍) 'ഭൂതക്കാഴ്ചകള്‍' എന്ന നോവലും റിനി ജേക്കബിന്റെ (യുഎസ്എ) 'റിട്ടേണ്‍ ഫ്ളൈറ്റ്' എന്ന കഥയും പ്രവാസി സാഹിത്യ പുരസ്കാരങ്ങക്ക് അര്‍ഹമായി.

ദൃശ്യ മാധ്യമ വിഭാഗത്തില്‍ 2011 ല്‍ ഇന്ത്യാവിഷന്‍ സംപ്രേക്ഷണം ചെയ്ത നദീറ അജ്മലിന്റെ (ദുബായ്) 'ആത്മഹത്യ മുനമ്പിലെ പ്രവാസി ജീവിതം' എന്ന ന്യൂസ് ഫീച്ചറിന് പുരസ്കാരം ലഭിച്ചു. മിഡില്‍ ഈസ്റ് ചന്ദ്രികയില്‍ വി. അബ്ദുള്‍ മജീദ് (ബഹ്റിന്‍) തയാറാക്കിയ 'ഷൈലോക്കിന്റെ കെണിയിലകപ്പെടുന്ന പ്രവാസ ജീവിതം' എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് പ്രവാസി പത്ര മാധ്യമ പുരസ്കാരം ലഭിച്ചത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം.

ശ്രവ്യ മാധ്യമ വിഭാഗത്തില്‍ അനധികൃത കുടിയേറ്റത്തിന്റെ അനന്തര ഫലങ്ങളെ ക്കുറിച്ച് ന്യൂസ് ഫീച്ചര്‍ തയാറാക്കിയ സിന്ധു ബിജുവിന്റെ (ദുബായ്) 'ക്യാപൈയിന്‍ എഗനസ്റ് ഇല്ലീഗല്‍ സ്റേ'ക്ക് പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

സാഗീര്‍ ടി. തൃക്കരിപ്പൂര്‍, (കുവൈറ്റ്) രാമത്ത് ഹരിദാസ് (ബഹ്റിന്‍), ഒ.വൈ അഹമ്മദ് ഖാന്‍ (യുഎഇ), കരീം അബ്ദുളള (ഖത്തര്‍), പി.എ.വി അബൂബക്കര്‍ (ഒമാന്‍) എന്നിവര്‍ക്ക് പ്രവാസി സാമൂഹിക സേവന പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവു

മടങ്ങുന്നതാണ് പ്രവാസി സാമൂഹിക പുരസ്കാരം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍