പത്മശ്രീ സുധാവര്‍ഗീസിന് ലൈറ്റ് ഇന്‍ ലൈഫിന്റെ ഊഷ്മള സ്വീകരണം
Saturday, September 6, 2014 5:45 AM IST
സൂറിച്ച്: ഹൃസ്വസന്ദര്‍ശനത്തിനായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയ പത്മശ്രീ സിസ്റര്‍ സുധാവര്‍ഗീസിന് ലൈറ്റ് ഇന്‍ ലൈഫ് പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി. വൈസ് പ്രസിഡന്റ് ജോണ്‍ അരീക്കലിന്റെ വസതിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രസിഡന്റും സെക്രട്ടറിയും ട്രഷററും ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം സുധാ വര്‍ഗീസ് നയിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൈമാറി.

ബിഹാറിലെ ദളിതരുടെ ജീവിതോന്നമനത്തിനായി പ്രയത്നിക്കുന്ന സിസ്റര്‍ സുധാ വര്‍ഗീസിന് പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും ഭിന്നശേഷിയുള്ളവരുടെയും ആദിവാസികളുടെയും ഉന്നമനത്തിനും പുരോഗതിക്കുമായി രൂപീകൃതമായ ഒരു ചാരിറ്റി സംഘടനയാണ് ലൈറ്റ് ഇന്‍ ലൈഫ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20 പേര്‍ക്ക് ഭവനങ്ങളും ഭിന്നശേഷിയുള്ള അഞ്ചു വ്യക്തികള്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത മുച്ചക്രവാഹനങ്ങളും നൂറ് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ സാമ്പത്തിക സഹായങ്ങളാണ് നല്‍കിയത്.

2014-15 കാലഘട്ടത്തിലേക്ക് 50 ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ലൈറ്റ് ഇന്‍ ലൈഫ് ലക്ഷ്യമിട്ടിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്പരരായ സ്വിറ്റ്സര്‍ലന്‍ഡിലെ കമ്പനികളും പഞ്ചായത്തുകളും വ്യക്തികളും ഉദാരമായി നല്‍കുന്ന ധനമാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുന്നത്. തുടര്‍ന്നും ഉദാരമതികളില്‍നിന്നും പ്രോത്സാഹനവും സഹായവും അഭ്യര്‍ഥിക്കുന്നു.

ഒരു ലക്ഷം രൂപ സ്പോണ്‍സര്‍ ചെയ്യുമ്പോള്‍ മൂന്നു ലക്ഷം രൂപയുടെ വാസയോഗ്യമായ നല്ലൊരു ഭവനം നിര്‍മിച്ചുനല്‍കുന്നു.

ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രസിഡന്റ് ഷാജി അടത്തല, സെക്രട്ടറി ഏബ്രഹാം മാത്യു, ട്രഷറര്‍ ഗോര്‍ഡി മണപ്പറമ്പില്‍, പ്രോജക്ട് ഓഫീസര്‍ മാത്യു തെക്കോട്ടില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.