മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ എട്ട് നോമ്പ് സമാപനവും ഓണാഘോഷവും സെപ്റ്റംബര്‍ എട്ടിന്
Saturday, September 6, 2014 5:35 AM IST
മാഞ്ചസ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന എട്ട് നോമ്പ് സമാപനവും ഓണാഘോഷവും സെപ്റ്റംബര്‍ എട്ടിന് (തിങ്കള്‍) നടക്കും.

ബാഗുളി മെതോഡിസ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം അഞ്ച് മുതല്‍ പരിപാടികള്‍ക്ക് തുടക്കമാകും. പരിശുദ്ധഅമ്മയുടെ മധ്യസ്ഥം തേടിയുള്ള ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നോവേനയും പ്രത്യേക പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

വിഭവ സമൃദ്ധമായി തൂശനിലയില്‍ വിളമ്പുന്ന സദ്യയോടെ പരിപാടികള്‍ സമാപിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെയാണ് എട്ടുനോമ്പിനോട് അനുബന്ധമുള്ള പ്രാര്‍ഥനകള്‍ നടന്നുവരുന്നത്. എട്ട് നോമ്പു സമാപനത്തിലും ഓണാഘോഷ പരിപാടികളിലേക്കും മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും എക്സിക്യൂട്ടിവ് കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍