പ്രവാസിയുടെ ഓണാഘോഷങ്ങള്‍ തുടങ്ങി
Saturday, September 6, 2014 5:34 AM IST
റിയാദ്: നാട്ടില്‍ തിരുവോണം കെങ്കേമമായി ആഘോഷിക്കാനുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്ന കേരളീയര്‍ക്ക് ഒരു മുഴം മുമ്പേ തന്നെ ഗള്‍ഫു നാടുകളിലെങ്ങും ഓണാഘോഷങ്ങളാരംഭിച്ചു കഴിഞ്ഞു.

വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലാണ് മിക്ക ഓണാഘോഷ പരിപാടികളും ഒരുക്കിയിരിക്കുന്നത്. റിയാദിലെ പ്രമുഖ പ്രവാസി സാംസ്കാരിക സംഘടനയായ കേളി കലാ സാംസ്കാരിക വേദിയാണ് ഓണാഘോഷം തുടങ്ങിവച്ചത്.

എല്ലാ വര്‍ഷവും വളരെ ജനകീയമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ വെള്ളിയാഴ്ച ഉച്ചക്ക് അല്‍ ഹായിറില്‍ നടന്നു. രണ്ട് ടെന്റുകളിലായി 500 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുരയില്‍ നടന്ന ഓണസദ്യയില്‍ നാലായിരത്തിലധികം പേര്‍ പങ്കെടുത്തു.

പൂക്കള മത്സരം, പായസ, പാചക മത്സരം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കായംകുളം നിവാസികളായ പ്രവാസികളുടെ പ്രാദേശിക സംഘടനയായ കൃപയും വെള്ളിയാഴ്ച തന്നെ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ന് വിവിധ സംഘടനകളുടെ ഓണാഘോഷ പരിപാടികളുണ്ട്. സെപ്റ്റംബര്‍ 19 ന് (വെള്ളി) പയ്യന്നൂര്‍ സൌഹൃദവേദി പിഎസ്വിയുടെ പൊന്നോണം 2014 പരിപാടി. എക്സിറ്റ് 18 നടുത്തുള്ള നൂര്‍ അല്‍ മാസ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജനറല്‍ സെക്രട്ടറി കെ.എം സനൂപ് കുമാര്‍ അറിയിച്ചു.

മലയാളി സംഘടനകളും സംഘടനകളുടെ പൊതുവേദികളുമായി നൂറോളം സംഘടനകളുള്ള റിയാദില്‍ മലയാളികളുടെ ദേശീയ ഉത്സവമായ ഓണാഘോഷം രണ്ട് മാസത്തോളം നീണ്ടു നില്‍ക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ നോക്കി സംഘടിപ്പിക്കുന്നതിനാലാണിത് നീണ്ടു പോകുന്നത്. പച്ചക്കറികള്‍ക്കെല്ലാം തീപിടിച്ച വിലയായതിനാല്‍ ഇത്തവണ ഓണാഘോഷങ്ങളുടെ പൊലിമ കുറയുമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം ഓണ വിഭവങ്ങള്‍ക്കും വിഭവങ്ങള്‍ ഒരുക്കാനുള്ള പച്ചക്കറികള്‍ക്കുമായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റിയാദിലെ ബത്ഹയില്‍ തെരുവില്‍ നടന്നിരുന്ന അനധികൃത പച്ചക്കറിക്കച്ചവടമെല്ലാം റിയാദ് മുന്‍സിപ്പല്‍ അധികൃതര്‍ പ്രത്യേക പരിശോധന നടത്തി പിടിക്കുകയും കച്ചവടം നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥര്‍ സ്ഥിരമായി ക്യാമ്പ് ചെയ്യാന്‍ തുടങ്ങിയതും ഇത്തവണ ഓണസദ്യ കഴിക്കാന്‍ ചെലവേറാന്‍ കാരണമാകും. ബത്ഹയിലേയും പരിസരങ്ങളിലേയും പ്രമുഖ ഇന്ത്യന്‍ റസ്ററന്റുകളിലെല്ലാം ഇത്തവണയും ഓണസദ്യ ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍