ഫിലാഡല്‍ഫിയ ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ തിരുനാള്‍ ഭക്തിനിര്‍ഭരമായി
Saturday, September 6, 2014 4:20 AM IST
ഫിലാഡല്‍ഫിയ: വിശുദ്ധനും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ ന്യൂമാന്റെ തിരുനാളും, പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും സംയുക്തമായി ഭക്തിനിര്‍ഭരമായ കര്‍മ്മങ്ങളോടെ ഓഗസ്റ് 29, 30, 31 ദിവസങ്ങളിലായി ആഘോഷിച്ചു.

മിഷന്‍ ആസ്ഥാനമായ സെ. ആല്‍ബര്‍ട്ട് പള്ളിയില്‍ ഓഗസ്റ് 29 വെള്ളിയാഴ്ച്ച വൈകുന്നേരം തിരുമണിക്കൂര്‍ ആരാധനയോടെയാണ് തിരുനാള്‍ സമാരംഭിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം ആറരയ്ക്ക്രൂപം വെഞ്ചരിപ്പും ലദീഞ്ഞും നടന്നു. സുറിയാനി ഭാഷയിലുള്ള ഗാനാലാപനത്തോടെ നടത്തിയ രൂപമെഴുന്നള്ളിക്കല്‍ ചടങ്ങ് ക്നാനായരുടെ സുറിയാനി തനിമയും, പൈതൃകവും വിളിച്ചോതി. സീറോമലബാര്‍ ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ റവ. ഫാ. ജേക്കബ് ജോണ്‍ തിരുനാള്‍ സന്ദേശം നല്‍കി. ജപമാലപ്രാര്‍ത്ഥനചൊല്ലി മാതാവിന്റെ ഗ്രോട്ടോയിലേക്ക് നടത്തിയ ഭക്തിനിര്‍ഭരമായ മെഴുകുതിരി പ്രദക്ഷിണത്തിനുശേഷം കുര്‍ബാനയുടെ സമാപനാശീര്‍വാദവും സ്നേഹവിരുന്നും നടന്നു.

പ്രധാന തിരുനാള്‍ ദിനമായ ഓഗസ്റ് 31 ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. രൂപം വെഞ്ചരിപ്പിനും ലദീഞ്ഞിനുശേഷം ആഘോഷമായ സമൂഹബലി. ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ചിക്കാഗോ സെ. മേരീസ് ക്നാനായ കാത്തലിക് ഇടവക അസി. വികാരി റവ. ഫാ. സിജു മുടക്കോടില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ സന്ദേശം നല്‍കി.

പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി അമേരിക്കയില്‍ കാത്തലിക് സ്കൂളുകള്‍ക്ക് തുടക്കം കുറിച്ച വി. ജോണ്‍ ന്യൂമാന്റെ മാധ്യസ്ഥം തേടിയുള്ള പ്രാര്‍ത്ഥനയും, പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും, ആശീര്‍വാദവും കുട്ടികളില്‍ പുതിയൊരു ഉണര്‍വിനു കാരണമായി.

സമൂഹബലിയെ തുടര്‍ന്ന് വിവിധവര്‍ണ്ണങ്ങളിലുള്ള മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങള്‍വഹിച്ചുകൊണ്ട് ദേവാലയത്തിനു വെളിയിലൂടെയുള്ള ആഘോഷമായ പ്രദക്ഷിണം നടന്നു.

കുര്‍ബാനയുടെ സമാപനാശീര്‍വാദത്തെ തുടര്‍ന്ന് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്നാനായ നൈറ്റ് അരങ്ങേറി. ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. റെന്നി കട്ടേല്‍, ഫാ. മാത്യു മണക്കാട്ട് എന്നിവര്‍ തദവസരത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്നാനായ തനിമയും, പെതൃകവും വിളിച്ചോതുന്ന ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ക്നാനായ നൈറ്റില്‍ അവതരിപ്പിക്കപ്പെട്ടു.

യുവപ്രതിഭ ചിന്നു അല്ക്സ് സംവിധാനം ചെയ്ത് രംഗാവതരണം നടത്തിയ മാവേലി വാഴുന്ന നാട് എന്നകലാശില്‍പം സദസ്യരില്‍ പൊന്നോണത്തിന്റെ ഗൃഹാതുരസ്മരണകളുണര്‍ത്തി.
വിശുദ്ധരുടെ തിരുനാളിലും, ക്നാനായ നൈറ്റിലും ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള ധാരാളം വിശ്വാസികള്‍ പങ്കെടുത്തു. തിരുനാളിന് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്, കൈക്കാരന്‍മാരായ സണ്ണി പാറക്കല്‍, ക്ളമന്റ് പതിയില്‍, മിഷന്‍ കൌണ്‍സില്‍, ക്നാനായ നൈറ്റിന് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചാരാത്ത്, കെ.സി.വൈ.എല്‍. പ്രവര്‍ത്തകരായ തോമസുകുട്ടി സൈമണ്‍, ചിന്നു അലക്സ് എന്നിവര്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ജോണ്‍സണ്‍ ചാരാത്ത് സ്വാഗതവും, ജോഫ്രി നെടുംചിറ കൃതജ്ഞതയും പറഞ്ഞു. സ്നേഹവിരുന്നോടുകൂടി മൂന്നുദിവസത്തെ തിരുനാളും, ക്നാനായ കലാസന്ധ്യയും സമാപിച്ചു. ഫോട്ടോ: ജോഫ്രി നെടുംചിറ.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍