കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി: കയ്യാനില്‍ ബോട്ട് ക്ളബ് ജേതാക്കളായി
Friday, September 5, 2014 7:57 AM IST
ബ്രംപ്ടണ്‍: അതിരുകളില്ലാതെ ആര്‍ത്തിരമ്പിയ ആവേശത്തിരകളില്‍ സ്വദേശികളുടെയും വിദേശികളുടെയും ആര്‍പ്പുവിളിയുടെ കാഹളത്തില്‍ കനേഡിയന്‍ നെഹ്റുട്രോഫി കാനഡയിലെ ബ്രംപ്ടനിലെ അതിമനോഹരമായ പ്രഫസേഴ്സ് ലെയിക്കില്‍ നടന്നു.

കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വള്ളംകളി പ്രതിസന്ധികളെ അവഗണിച്ചു വലിയ ജന സാന്നിധ്യം കൊണ്ടും സംഘടനാ സംവിധാനംകൊണ്ടും പ്രവാസി മലയാളി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കാനഡയിലെ മലയാളികളെ കൂടാതെ വിവിധ രാജ്യക്കാരായ നിരവധി സ്ഥലവാസികളും ബ്രംപ്ടന്‍ ഫെസ്റിവല്‍ എന്നറിയപ്പെടുന്ന ഈ മലയാളി മഹാ മാമാങ്കം കാണുവാന്‍ രാവിലെ തന്നെ എത്തിചേര്‍ന്നൂ.

ആറാമത് കനേഡിയന്‍ നെഹ്റുട്രോഫിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ കെ. മധു നിര്‍വഹിച്ചു. സ്വതന്ത്ര ദേശീയ ഗാനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷത്തിനായുള്ള പതാക ഉയര്‍ത്തല്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം നിര്‍വഹിച്ചു.

ഫൊക്കാനയുടെ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യര്‍, ഓര്‍മ പ്രസിഡന്റ് ലിജോ ചാക്കോ, ടൊറന്റോ മലയാളി സമാജം വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, നാരായണ അസോസിയേഷന്‍ പ്രസിഡന്റ് ഉദയന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ സ്വാഗതവും ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദിയും അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന വാശിയേറിയ വള്ളംകളി മത്സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ശക്തമായ മത്സരം കാണികള്‍ക്ക് ആവേശവും ആകാംഷയും പകരുന്നതായിരുന്നു. ആവേശോജ്വലമായ മത്സരത്തില്‍ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചു കാനഡയിലെ കയ്യാനില്‍ ബോട്ട് ക്ളബ് കനേഡിയന്‍ നെഹ്റു ട്രോഫിയില്‍ മുത്തമിട്ടു. ജലരാജാക്കന്മാരായ മാസ് കാനഡാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.

ഒന്നാ സ്ഥാനം നേടിയ കയ്യാനില്‍ ടീമിന് കനേഡിയന്‍ നെഹ്റു എവര്‍ റോളിംഗ് ട്രോഫിയും കാനഡയിലെ പ്രമുഖ വ്യവസായിയായ മനോജ് കരാത്ത സ്പോണ്‍സര്‍ ചെയ്ത ആയിരം ഡോളറും സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം നല്‍കി. ഈ വള്ളംകളി ഒരു ചരിത്ര വിജയം ആക്കിയ എല്ലാവര്‍ക്കും സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ നന്ദി രേഖപ്പെടുത്തി. സ്പോണ്‍സര്‍ ചെയ്തു സാമ്പത്തികമായി ഈ പരിപാടിയെ വിജയിപ്പിച്ച മുഖ്യ സ്പോണ്‍സര്‍ ആയിരുന്ന മനോജ് കരാത്തായിക്കും മറ്റെല്ലാ സ്പോന്‍സര്‍മാര്‍ക്കും സമാജം ട്രഷറര്‍ തോമസ് വര്‍ഗീസ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഈ വര്‍ഷം സമാജം പ്രഖ്യാപിച്ച കര്‍ഷകശ്രീ അവാര്‍ഡിന് ഷിബു ഡാനിയേല്‍ അര്‍ഹനായി.

ബിജു തൈയില്‍ചിറ, ക്രിസ്റോ, സണ്ണി കുന്നംപിള്ളില്‍ വാസുദേവ് മാധവന്‍, തുടങ്ങിയവര്‍ വള്ളംകളി മത്സരങ്ങള്‍ നിയന്തിച്ചു.

വള്ളംകളി പ്രമാണിച്ച് സമാജം നടത്തിയ ഫുഡ് ഫെസ്റിവല്‍ മലയാളിതനിമയാര്‍ന്ന രുചിയേറിയ വിഭവങ്ങള്‍ ലഭ്യമായിരുന്നു. ഉണ്ണി കൃഷ്ണന്‍, സെന്‍ മാത്യു, മത്തായി മാത്തുള്ള, ഷിബു ഡാനിയേല്‍, സിബിച്ചന്‍ ജോസഫ് തുടഞ്ഞിയവര്‍ ഫുഡ് ഫെസ്റിന് നേതൃത്വം നല്‍കി. ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ക്ക് സണ്ണി കുന്നംപിള്ളില്‍, തങ്കച്ചന്‍ കാരിവേലില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ട്രോഫിയും സണ്ണി കുന്നംപിള്ളില്‍ സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും വിജയികളായ ടൊറന്റോ സ്റാര്‍ ടീമിന് ഗോപകുമാര്‍ നല്‍കി.