ആവേശത്തുഴയെറിഞ്ഞ് ഓസ്ട്രേലിയയില്‍ വള്ളംകളി മത്സരം അരങ്ങേറി
Friday, September 5, 2014 7:50 AM IST
ഡാര്‍വിന്‍: മലയാളികളുടെ സംസ്കാരത്തിന് തിലകക്കുറിയായ വള്ളംകളി മത്സരം ഓസ്ട്രേലിയയിലെ ഡാര്‍വിനില്‍ അരങ്ങേറി. ഡാര്‍വിന്‍ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വശ്യമനോഹരമായ കെലന്‍ ബെ മറീനയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു മത്സരം.

അറഫുറാ ഡ്രാഗണ്‍സ് പഡ്ലേഴ്സ് ക്ളബിന്റെ സഹകരണത്തോടെ നടന്ന വള്ളംകളിയില്‍ ഏതാനും ക്ളബ് അംഗങ്ങളും അണിചേര്‍ന്നു. ആണ്‍പെണ്‍ വ്യത്യാസമെന്യെ വൈറ്റ്, ബ്ള്യു ടീമുകളായി തിരിഞ്ഞ് നടന്ന വാശിയേറിയ മത്സരത്തില്‍ വൈറ്റ് ടീം തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ ബ്യൂടീമിനെ പിന്‍തള്ളി സ്ത്രീകളുടെ സാന്നിധ്യം ഏറെയുണ്ടായിരുന്ന വൈറ്റ് ടീമിന്റെ ആദ്യമത്സരത്തിലും ഫൈനല്‍ മത്സരത്തിലുമുള്ള വിജയം പെണ്‍കരുത്തിന്റെ മകുടോദാഹരണമായി.

വിജയികളായ വൈറ്റ് ടീമിനുള്ള ട്രോഫി സെപ്റ്റംബര്‍ 13ന് ഡാര്‍വിനില്‍ സി. ത്രി ചര്‍ച്ച് അങ്കണത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സമ്മാനിക്കും. മത്സരത്തിനുശേഷം സേഫ്റ്റി ജാക്കറ്റ് ധരിച്ച് കുരുന്നു കുട്ടികള്‍ നടത്തിയ തുഴച്ചില്‍ നവ്യാനുഭവമായി. അടുത്തവര്‍ഷം വള്ളംകളി മത്സരം വിപുലമായി നടത്താനുള്ള തീരുമാനത്തിലാണ് ഡാര്‍വിന്‍ മലയാളി ഫോറം ഭാരവാഹികള്‍. ഇതിനായി അറഫുറാ ഡ്രാഗണ്‍സ് ചഡ്ലേഴ്സ് ക്ളബുമായി സഹകരിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തുഴച്ചില്‍ പരിശീലനം ആരംഭിക്കാനൊരുങ്ങുകയാണ് ഫോറം.

വള്ളംകളിക്ക് ഡാര്‍വിന്‍ മലയാളി ഫോറം പ്രസിഡന്റ് ഡോ. രവി മാത്യു, സെക്രട്ടറി ശ്രീജിത് ബി. നായര്‍, പബ്ളിക് ഓഫീസര്‍ ആന്റണി തുരുത്തേല്‍, വൈസ് പ്രസിഡന്റ് എബി ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

13ന് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ രജിസ്ട്രേഷന്‍ 11.30ന് ആരംഭിക്കും. 12ന് മാവേലിക്ക് വരവേല്‍പ്, 12.15ന് ഓണസദ്യ, തുടര്‍ന്ന് വടംവലി ഉള്‍പ്പെടെയുള്ള കായികമ മത്സരങ്ങളും അരങ്ങേറുമെന്ന് ആന്റണി തുരുത്തേല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്