ജര്‍മനിയുടെ കറിവൂര്‍സ്റിന് 65 വയസ്
Friday, September 5, 2014 7:48 AM IST
ബര്‍ലിന്‍: പൊടിരൂപത്തിലാക്കിയ സുഗന്ധ വ്യഞ്ജനങ്ങള്‍ വിതറി കെച്ചപ്പില്‍ മുക്കി തയാറാക്കുന്ന സോസേജിനെ കറിവൂര്‍സ്റ് എന്നു വിളിക്കാമെങ്കില്‍, അതിന്റെ ആവിര്‍ഭാവത്തിന് അറുപത്തഞ്ച് വയസ് തികഞ്ഞു. ഇക്കാലത്ത് ജര്‍മനി സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഒരിക്കലെങ്കിലും ഇതൊന്നു രുചിച്ചു നോക്കാതെ മടങ്ങില്ലെന്നായിരിക്കുന്നു കാര്യങ്ങള്‍. അത്രയേറെ ജനകീയമായിരിക്കുന്ന ജര്‍മനിയുടെ കറിവൂര്‍സ്റ്.

ഹെര്‍ത്ത ഹ്യൂയര്‍ എന്നയാളാണ് ഈ ലളിതമായ ഡിഷിന്റെ ഉപജ്ഞാതാവ്. മഴക്കാലത്ത് വീട്ടില്‍ ബോറടിച്ചിരിക്കുമ്പോള്‍ നടത്തിയ ഒരു പരീക്ഷണമായിരുന്നുവത്രെ അദ്ദേഹത്തിന്റേത്. 1949 ലായിരുന്നു ഈ പരീക്ഷണം. പത്തു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഹ്യൂയര്‍ തന്റെ വിഭവത്തിന് മ്യൂണിക്കില്‍ നിന്നും പേറ്റന്റ് എടുത്തു. ചില്ലപ്പ് എന്നാണ് അന്നു പേരു നല്‍കിയത്. ചില്ലി, കെച്ചപ്പ് എന്നിവ ചേര്‍ത്തായിരുന്നു ഇത്.

തുടര്‍ന്ന് ബര്‍ലിനില്‍ അവരുടെ വാനുകള്‍ തന്നെ പിന്നീട് ഇവ വ്യാപകമായി വിതരണം ചെയ്തു. ഇന്നൊരു കറിവൂര്‍സ്റ് മ്യൂസിയം തന്നെ പ്രവര്‍ത്തിക്കുന്നു. ശീതയുദ്ധ സ്മാരകത്തിലെത്തുന്നതിനൊപ്പം ആളുകള്‍ ഇവിടെയും ഇപ്പോള്‍ എത്തുന്നു.

ജര്‍മനിയില്‍ ഇപ്പോള്‍ സുലഭമായി ലഭിക്കുന്ന ഈ ഭക്ഷണത്തിന് വിലയുടെ കാര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും 2 യൂറോ 99 സെന്റ് മുതല്‍ മുകളിലോട്ടാണ്. സിറ്റികളില്‍ മാത്രമല്ല പ്രാദേശികമായും ഈ വിഭവം ലഭ്യമാണ്. ഇതുമാത്രമായി വില്‍ക്കുന്ന ചെറിയ കടകളും നഗരങ്ങളില്‍ കാണാം. ഇതിനൊപ്പം കക്ഷണങ്ങളാക്കി വറുത്ത പൊട്ടറ്റോയും(ഫ്രിറ്റന്‍), മയോണൈസും ചേര്‍ത്തു കഴിക്കാന്‍ ഏറെ സ്വാദിഷ്ടമാണ്. ആബാലവൃദ്ധജനങ്ങളുടെയും ഇഷ്ടഭോജനമാണ് കറിവൂര്‍സ്റ്. കൊളോണിലെ കറി കൊളോണ്‍ റസ്ററന്റ് ഏറെ പ്രസിദ്ധമാണ്. 2013 ല്‍ ഈ വിഭവം 60 മില്യന്‍ ജനങ്ങള്‍ കഴിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍