മൈന്‍ഡ് ഓണം ആഘോഷിച്ചു
Thursday, September 4, 2014 8:02 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടനയായ മൈന്‍ഡ് ഓണാഘോഷം നടത്തി. ഓഗസ്റ് 30ന് (ശനി) രാവിലെ 10.30ന് ആരംഭിച്ച ആഘോഷങ്ങള്‍ വൈകുന്നേരം എട്ടുവരെ നീണ്ടു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം ആരംഭിച്ച കലാപരിപാടികളുടെ ഉദ്ഘാടനം നൂറുകണക്കിന് മലയാളികളെ സാക്ഷിയാക്കി ഡബ്ളിന്‍ ഡെപ്യൂട്ടി മേയര്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ഡബ്ളിന്‍ സിറ്റി ഇന്റഗ്രേഷന്‍ ഫോറം പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡറേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു. ചടങ്ങില്‍ മാവേലി മന്നന്‍ മുഖ്യാതിഥിയായിരുന്നു. മേയര്‍ മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നു.

ഡബ്ളിന്‍ സിറ്റി ഇന്റഗ്രേഷന്‍ ഫോറം പ്രതിനിധി മൈന്‍ഡിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. കുട്ടികള്‍ക്കായി മൈന്‍ഡ് സംഘടിപ്പിക്കുന്ന കിഡ് ഫെസ്റ് പോലെയുള്ള അവസരങ്ങള്‍ക്ക് പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡറേഷന്‍ പ്രതിനിധി സമര്‍ഥരായ കുട്ടികളെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പ്രത്യേകം ക്ഷണിച്ചു. തുടര്‍ന്ന് കിഡ് ഫെസ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണവും നിര്‍വഹിച്ചു.

കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തി. മുതിര്‍ന്നവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഘനൃത്തവും പ്രശസ്ത നര്‍ത്തകന്‍ ഹണിയും കുടുംബാംഗങ്ങളും ചേര്‍ന്ന് അരങ്ങിലെത്തിച്ച കലാവിരുന്നും ആസ്വാദകരില്‍ വിസ്മയം ജനിപ്പിച്ചു. വടംവലി മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ ഫിസ്ബറോ ടീമും വനിതാ വിഭാഗത്തില്‍ എച്ചു ജോര്‍ജ് പ്ളാത്തോട്ടം നേതൃത്വം കൊടുത്ത ടീമും വിജയികളായി. ഡബ്ളിന്‍ സോള്‍ ബീറ്റ്സിന്റെ ഗാനമേള പരിപാടികള്‍ക്ക് ആവേശം പകര്‍ന്നു. മികച്ച സംഘടനാ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു മൈന്‍ഡ് ഓണാഘോഷത്തിന്റെ വിജയം.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.