ഹാജിമാര്‍ക്ക് താമസ സ്ഥലങ്ങള്‍ കണ്െടത്താന്‍ പ്രത്യേക ആപ്
Thursday, September 4, 2014 7:57 AM IST
ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മക്കയിലും മദീനയിലും മിനയിലുമുള്ള താമസ സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായമേകി പ്രത്യേക മൊബൈല്‍ ആപ്. ഹജ്ജ് മിഷനാണ് ഇന്ത്യന്‍ ഹാജി അക്കമഡേഷന്‍ ലൊക്കേറ്റര്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചത്.

കൂട്ടം തെറ്റിപ്പോകുകയും താമസ സ്ഥലം കണ്െടത്താനാകാതെയും പ്രയാസപ്പെടുന്ന തീര്‍ഥാടകരുടെ കാഴ്ചകള്‍ എല്ലാ ഹജ്ജ് കാലത്തുമുള്ളതാണ്. ഇതിനുള്ള പരിഹാരമായാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചത്. തീര്‍ഥാടകര്‍ക്കും ഹജ്ജ് മിഷന് ഉദ്യോഗസ്ഥര്‍ക്കും വോളന്റിയര്‍മാര്‍ക്കും ആപ്ളിക്കേഷന്‍ ഉപകാരപ്രദമാണ്. ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ ആപ്ളിക്കേഷന്‍ സൌകര്യമുള്ള മൊബൈല്‍ ഫോണുള്ള ആര്‍ക്കും ഇത് പ്ളേ ലിസ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഹാജിയുടെ കവര്‍ നമ്പരോ പാസ്പോര്‍ട്ട് നമ്പരോ ടൈപ്പ് ചെയ്താല്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകും. തീര്‍ഥാടകന്റെ പേര്, കവര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങള്‍, ബില്‍ഡിംഗ്, റൂം നമ്പര്‍, നാട്ടില്‍ നിന്ന് വരുന്നതും തിരിച്ച് പോകുന്നതുമായ ദിവസം, വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍, തീര്‍ഥാടകന്റെയും ഹജ്ജ് മിഷന്‍ ഓഫീസിലെയും ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം ഇതില്‍ വ്യക്തമാവും. എവിടെയാണ് തീര്‍ഥടകന്‍ ഉള്ളതെന്ന വിവരവും മിനായിലെ ടെന്റിെനെക്കുറിച്ചുള്ള വിവരവും ലഭ്യമാവും. ഗൂഗിള്‍ മാപ്പ് വഴി താമസ സ്ഥലവും കണ്ടുപിടിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഫേസ്ബുക്ക് അക്കൌണ്ട് വഴി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുവാനും സംശയ നിവാരണത്തിനും അവസരം ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍