'ലൈക്ക് ആന്‍ ഏയ്ഞ്ചല്‍' തിരുവോണത്തിന് ഏഷ്യാനെറ്റില്‍
Thursday, September 4, 2014 7:54 AM IST
ടൊറന്റോ: അമേരിക്കയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം 'ലൈക്ക് ആന്‍ ഏയ്ഞ്ചല്‍' 'ഒരു മാലാഖ പോലെ' തിരുവോണദിനമായ സെപ്റ്റംബര്‍ ഏഴിന് ഏഷ്യാനെറ്റ് പ്ളസ് സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് സംപ്രേഷണം. അമേരിക്കയിലും കാനഡയിലും ഉള്ള പ്രവാസി മലയാളികളാണ് ഈ ഹ്രസ്വചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഉള്ളവരില്‍ ഏറെയും.

പ്രശസ്ത സിനിമാതാരം മുകേഷ് അഭിനയിക്കുന്നു എന്നതാണ് ലൈക്ക് ആന്‍ ഏയ്ഞ്ചലിന്റെ മുഖ്യസവിശേഷത. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിനിടെ ആദ്യമായാണ് മുകേഷ് ഒരു ഹ്രസ്വചിത്രത്തില്‍ വേഷമിടുന്നത്. ലൈക് ആന്‍ ഏയ്ഞ്ചലിന്റെ കഥ ഏറെ ആകര്‍ഷിച്ചതിനാലാണ് അഭിനയിക്കാന്‍ തയാറായതെന്ന് മുകേഷ് പറയുന്നു. മികച്ച പ്രവാസിനടനുള്ള ഈ വര്‍ഷത്തെ അടൂര്‍ഭാസി അവാര്‍ഡ് ജേതാവായ ബിജു തൈയില്‍ചിറ, അക്കരക്കാഴ്ചകളിലൂടെ പ്രശസ്തനായ ജോസുകുട്ടി, ആഗി വര്‍ഗീസ്, ജയ അജിത്, ടോസിന്‍ ഏബ്രഹാം തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഐ മലയാളി പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിയോഗം, ഡോളര്‍, സോളാര്‍ സ്വപ്നം ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് രൂപംനല്‍കിയ രാജു ജോസഫ് ആണ്. ടോസിന്‍ ഏബ്രഹാമാണ് സഹസംവിധാനം. സോജി ധസോജി മീഡിയ, യുഎസ്എ സിനിമാറ്റൊഗ്രാഫി നിര്‍വഹിച്ചിരിക്കുന്നു. ബിനോയ് ചെറിയാനാണ് മേയ്ക്കപ്പ്. പ്രൊഡക്ഷന്‍ പി. സുഭാഷ്, സൈഫി ജോസഫ്. പോസ്റ് പ്രൊഡക്ഷന്‍: അമ്മു ഡിജിറ്റല്‍ മീഡിയ തിരുവനന്തപുരം. ചിത്രത്തിന്റെ പോസ്റര്‍ ഡിസൈന്‍ ചെയ്തത് ഷാജന്‍ ഏലിയാസ് ആണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

വിദേശമലയാളികള്‍ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അപൂര്‍വമാണ്. തിരക്കേറിയ ഓണനാളില്‍ തന്നെ ലൈക്ക് ആന്‍ ഏയ്ഞ്ചല്‍ സംപ്രേഷണം ചെയ്യുന്നു എന്നത് ഇതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള അംഗീകാരമായി.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കൂറ്റ്