എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നടത്തി
Thursday, September 4, 2014 3:02 AM IST
എഡ്മണ്ടന്‍, കാനഡ: 2014 ഓഗസ്റ് 31-ന് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയ്ക്ക് ചരിത്രദിനം. 2012 ഒക്ടോബറില്‍ രൂപംകൊണ്ട ഇടവകയില്‍ 13 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, 14 കുട്ടികളുടെ സ്ഥൈര്യലേപനവും നടത്തി.

എഡ്മണ്ടന്‍ അതിരൂപതാ ഓക്സിലറി ബിഷപ് ഗ്രിഗറി ബിറ്റ്മാന്‍ ഉച്ചകഴിഞ്ഞ് 3.15-ന് ദേവാലയാങ്കണത്തില്‍ എത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. കേരളത്തനിമയില്‍ താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെയാണ് പിതാവിനെ സ്വീകരിച്ചത്. തുടര്‍ന്ന് ഇടവക വികാരി ഫാ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കിയ വിശുദ്ധ കുര്‍ബാനയില്‍ വൈദീകരായ ഷാ. ഷിമിറ്റ്, ഓം ബ്രയാന്‍ ഡിസൂസ, പാട്രിക് പാസ്കാ എന്നിവരും സഹകാര്‍മികരായിരുന്നു.

തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനും സ്ഥൈര്യലേപന ശുശ്രൂഷയ്ക്കും ഗ്രിഗറി പിതാവ് നേതൃത്വം നല്‍കി. അതിനുശേഷം നടന്ന ഫോട്ടോ സെഷനിലും പിതാവിന്റെ സാന്നിധ്യം ശ്രദ്ധേയമായി.

ഇടവക വികാരി ജോണച്ചന്‍ പിതാവിന്റെ വിലയേറിയ സമയം നമുക്കായി നല്‍കിയതിന് നന്ദി പറഞ്ഞു. പ്രഥമ ദിവ്യകാരുണ്യത്തിനായി കുട്ടികളെ ഒരുക്കിയ സണ്‍ഡേ സ്കൂള്‍ അധ്യാപികമാരായ റ്റീനയ്ക്കും, ഷെറിനും വികാരിയച്ചന്‍ പ്രത്യേക അഭിനന്ദനം അറിയിച്ചു.

വൈദീകരായ ഫാ. പോള്‍ കവന, ഫാ. ജയിംസ് ചിറ്റേട്ട് എന്നിവരുടെ സാന്നിധ്യവും പ്രാര്‍ത്ഥനയും ചടങ്ങുകള്‍ക്ക് മിഴിവേകി. ഇടവകയിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്നാണ് ഈ ദിനം ആഘോഷമാക്കിയത്. ഇവക വികാരിക്കൊപ്പം പള്ളി കമ്മിറ്റി, ഡെക്കേറേഷന്‍ കമ്മിറ്റി, ഇടവക ക്വയര്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരും അക്ഷീണം പ്രവര്‍ത്തിച്ചാണ് ഈ ദിനം അവിസ്മരണീയമാക്കിയത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം