കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തണം: ഒബാമ
Wednesday, September 3, 2014 5:48 AM IST
മില്‍വാക്കി: അമേരിക്കയിലെ സാധാരണക്കാരായ പൌരന്മാര്‍ക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബം പുലര്‍ത്തുന്നതിനും ആവശ്യമായ തുക ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തുന്നതിനും ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും തുല്യ വേതനം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ വ്യക്തമാക്കി.

ഓഗസ്റ് ഒന്നിന് മില്‍വാക്കിയില്‍ നടന്ന പ്രാദേശിക ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് എത്തിചേര്‍ന്ന ആറായിരത്തില്‍ പരം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ഫെഡറല്‍ കരാര്‍ ജീവനക്കാരുടെ വേതനം 10.10 ഡോളറായി ഉയര്‍ത്തിക്കൊണ്ടുളള എക്സിക്യൂട്ടീവ് ഉത്തരവ് ഫെബ്രുവരിയില്‍ പ്രസിഡന്റ് ഒബാമ ഒപ്പുവച്ചിരുന്നു.

കുറഞ്ഞ വേതനം ഉയര്‍ത്തുമ്പോള്‍ തൊഴില്‍ സാധ്യതകള്‍ കുറയുമെന്ന വാദഗതിയെ പ്രസിഡന്റ് തളളി. ഡിസ്ട്രിക് കൊളബയായും പതിമൂന്ന് സംസ്ഥാനങ്ങളും ഇതിനകം വേതന വര്‍ധനവിന് അംഗീകാരം നല്‍കിയിരുന്നു. ഇപ്പോള്‍ ഫെഡറല്‍ കുറഞ്ഞ വേതനം 7.25 ഡോളറാണ്. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാജ്യം കരകയറുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.

അടുത്ത നടക്കാനിരിക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പബ്ളിക്കന്‍സ് കുറ്റപ്പെടുത്തി. മില്‍വാക്കിയാല്‍ എത്തിച്ചേര്‍ന്ന് പ്രസിഡന്റിനെ ഗവര്‍ണര്‍ സ്കോട്ട് വാക്കര്‍ സ്വീകരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍