സൌദിയിലെ വിദേശികളുടെ മുഴുവന്‍ കുടുംബംഗങ്ങള്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം
Wednesday, September 3, 2014 5:42 AM IST
ദമാം: സൌദിയിലെ വിദേശികളായ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി. ഇഖാമ ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ മുഴുവന്‍ പേരിലും ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി രേഖ സമര്‍പ്പിക്കണം.

വിദേശികളുടെ ആശ്രിതര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിയമം നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുമായി ഓണ്‍ലൈന്‍ മുഖേന സൌദി ഇന്‍ഷ്വറന്‍സ് കൌണ്‍സിലിനെ ബന്ധപ്പെടുത്തിക്കഴിഞ്ഞതായി സൌദിആരോഗ്യ ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ വാക്താവ് നായിഫ് അല്‍ റീഫി അറിയിച്ചു.

വിദേശികളുടെ ഇന്‍ഷ്വറന്‍സ് രേഖകളില്‍ തിരിമറി നടത്തുന്ന ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ശിക്ഷാ നടപടികളും പിഴകളും നേരിടേണ്ടിവരും.

തിരിമറി നടത്തിയതായി കണ്െടത്തിയാല്‍ ഓരോ വ്യക്തിക്കും അയ്യായിരം റിയാലില്‍ കൂടാത്ത സംഖ്യ പിഴ അടയ്ക്കേണ്ടിവരുമെന്ന് നായിഫ് അല്‍ റീഫി മുന്നറിയിപ്പു നല്‍കി.

അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമത്തില്‍ കാതലായ മാറ്റം വരുത്തി നിയമം നടപ്പില്‍ വരുമെന്ന് അല്‍ റീഫി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം