'ദൈവത്തിന്റെ കൈ'യും ദൈവത്തിന്റെ വലംകൈയും കൂടിക്കാഴ്ച നടത്തി
Wednesday, September 3, 2014 4:35 AM IST
വത്തിക്കാന്‍സിറ്റി: ഇതിഹാസ താരമായ ഡീഗോ മറഡോണയും(53) ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇങ്ങനെയൊരു വിശേഷണമാകാം - ദൈവത്തിന്റെ കൈയും ദൈവത്തിന്റെ വലങ്കയ്യും തമ്മിലുള്ള കൂടിക്കാഴ്ച. മതങ്ങളുടെ വേലിക്കെട്ടുകള്‍ കടന്നുള്ള സമാധാന മത്സരത്തിനെന്ന പേരിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ ഇതിഹാസങ്ങളെ മാര്‍പാപ്പ വത്തിക്കാനിലേക്കു ക്ഷണിച്ചത്.

1986 ല്‍ അര്‍ജന്റീനയ്ക്ക് ലോക കപ്പ് നേടിക്കൊടുത്തില്‍ മറഡോണയ്ക്കുള്ള സ്ഥാനം വിഖ്യാതമാണ്. മറഡോണ അന്നു നേടിയ ഒരു ഗോള്‍ ലോകകപ്പ് ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളില്‍ സ്ഥാനം പിടിച്ചെന്നു മാത്രമല്ല ദൈവത്തിന്റെ കൈയാണ് ഈ ഗോളിന്റെ പിന്നിലെന്ന് മറഡോണ അവകാശപ്പെട്ടിരുന്നു. അന്നുമുതല്‍ മറഡോണയ്ക്കു ലഭിച്ച ഓമനപ്പേരാണ് ദൈവത്തിന്റെ കൈ എന്ന്.

മതങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുക എന്ന സന്ദേശവുമായി നടത്തിയ സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ താരങ്ങള്‍ പങ്കെടുത്ത ശേഷമായിരുന്നു കൂടിക്കാഴ്ച. റോമിലെ ഒളിംപിക് സ്റേഡിയം മത്സരവേദി.

മാര്‍പാപ്പയ്ക്കൊപ്പം അര്‍ജന്റീനയുടെ മുന്‍കാല താരം ഹാവിയര്‍ സനേറ്റിയും പ്രധാന സംഘാടകനായി പ്രവര്‍ത്തിച്ചു.

തികഞ്ഞ ഫുട്ബോള്‍ പ്രേമിയും കളിക്കാരെ പ്രോല്‍സാഹിപ്പിയ്ക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മറഡോണ അര്‍ജന്റീനയുടെ നിറമുള്ള ഫ്രാന്‍സിസ്കോ എന്ന് ആലേഖനം ചെയ്ത പത്താം നമ്പര്‍ ജേഴ്സിയും സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍