ജിന്‍സ്മോന്‍ സക്കറിയ ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍
Wednesday, September 3, 2014 4:34 AM IST
ന്യൂയോര്‍ക്ക്: ഇന്തോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാനായി ഡിലൈറ്റ് മീഡിയ സിഇഒ ജിന്‍സ് മോന്‍ സക്കറിയയെ തെരഞ്ഞെടുത്തു.

12 വര്‍ഷമായി പ്രവാസ ലോകത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്ന അദ്ദേഹം ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറാണ്. കൂടാതെ അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്ററും അമേരിക്കയിലെ പ്രമുഖമലയാളം മാസികയായ അക്ഷരത്തിന്റെയും ഇംഗ്ളീഷ് മാസികയായ ഏഷ്യന്‍ ഈറയുടെയും പബ്ളീഷറുമാണ്.

പന്ത്രണ്ടുവര്‍ഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ്പ് എഡിഷന്റെ ചാര്‍ജ് ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. ജയ്ഹിന്ദ് ടിവിയുടെ ഡയറക്ടറായി ചാര്‍ജെടുത്ത ശേഷം അമേരിക്കയില്‍ നിന്നു നിരവധി പ്രോഗ്രാമുകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

പ്രവാസ പത്രപ്രവര്‍ത്തന രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളയാളാണ് ജിന്‍സ്മോന്‍ സക്കറിയ. ഏഴുവര്‍ഷം മുമ്പ് ആരംഭിച്ച അക്ഷരം മാഗസിനിലൂടെ അദ്ദേഹം പരമ്പരാഗത മാധ്യമപ്രവര്‍ത്തന ശൈലിതന്നെ പൊളിച്ചെഴുതി. ഇപ്പോള്‍ മറ്റു പ്രസിദ്ധീകരണങ്ങളും ആ പാതയാണ് പിന്തുടരുന്നത്.

ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ ജിന്‍സ് അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുന്നതിനിടെയാണ് പ്രവാസലോകത്തെത്തുന്നത്. ഇതിനിടെ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജിന്‍സ്മോന്‍ സക്കറിയ ഇംഗ്ളണ്ടിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇന്തോ അമേരിക്കന്‍ ലോയേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി, ഇന്തോ അമേരിക്കന്‍ മലയാളി ചെംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ജോ. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. 1986 ല്‍ സ്കൌട്ടില്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ രാഷ്ട്രപതി സ്കൌട്ട് അവാര്‍ഡ് നേടിയിട്ടുണ്ട്. തൊടുപുഴ വഴിത്തല സ്വദേശിയാണ് ജിന്‍സ്.

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജിന്‍സ്മോന്‍ സഖറിയയ്ക്ക് എല്ലാവിധ ഭാവുകങ്ങളും അറിയിക്കുന്നതായി പ്രസിഡന്റ് അജയ് ഘോഷ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ പുഞ്ചക്കോണം, ജനറല്‍ സെക്രട്ടറി വിനീത നായര്‍, ട്രഷറര്‍ രാജശ്രീ പിന്റൊ, ജോ. ട്രഷറര്‍ ബാബു തോമസ് തെക്കേക്കര മുതലായവര്‍ അറിയിച്ചു.