യുണൈറ്റഡ് സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷം
Tuesday, September 2, 2014 4:46 AM IST
സിഡ്നി: യുണൈറ്റഡ് സിഡ്നി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം (ഓണപ്പുലരി 2014) സംഘടനാ പാടവം, കലാ മേന്മ, പരമ്പരാഗത ശൈലിയിലുള്ള വിഭവ സമൃദ്ധമായ സദ്യ, വിശിഷ്ട വ്യക്തികളുടെയും അഭ്യുദയ കാംക്ഷികളുടെ സാന്നിദ്ധ്യ സഹകരണം എന്നിവ കൊണ്ട് പ്രൌെഡ ഗംഭീരമായി നടത്തപ്പെട്ടു.

വെന്റ്വര്‍ത്ത് വില്‍ റെഡ്ഗം സെന്ററില്‍ രാവിലെ പത്തു മണിക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പ്രസംഗം, കസേരകളി, നാരങ്ങാ ഓട്ടം, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ പരിപാടികളും പന്ത്രണ്ടരയ്ക്ക് വിഭവസമൃദ്ധമായ ഓണ സദ്യയും അതിനു ശേഷം രണ്ടു മണിയ്ക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ സ്റ്റേജ് പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. വിത്സണ്‍ അരിമറ്റം (പ്രസിഡണ്ട്) അധ്യക്ഷം വഹിച്ച യോഗത്തില്‍ റിജോ മാത്യൂ (സെക്രട്ടറി) സ്വാഗതം പറഞ്ഞു. അതിനു ശേഷം ഹോള്‍റോയ്ഡ് സിറ്റി കൌെണ്‍സില്‍ മേയര്‍ നാസര്‍ ഖഫ്രോണി ഓണസന്ദേശം നല്‍കുകയും ഉസ്മ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഉണ്ടായി. ഓണത്തോടനുബന്ധിച്ചു നടന്ന ആകര്‍ഷകവും വാശിയേറിയതുമായ വടം വലി മത്സരത്തിന്റെ വിജയികള്‍ക്ക് ഉസ്മ നല്‍കുന്ന ഗോള്‍ഡന്‍ ഏവര്‍ റോളിംഗ് ട്രോഫി ബ്ളാക്ക് ടൌണ്‍ കൌണ്‍സിലര്‍ സുസായ് ബെഞ്ചമിനും സില്‍വര്‍ ഏവര്‍ റോളിംഗ് ട്രോഫി ഹോള്‍റോയ്ഡ് സിറ്റി കൌണ്‍സിലര്‍ ലിസ ലേക്കും, കൌണ്‍സിലര്‍ ജൂലിയ ഫിന്നിന്റെ സാന്നിധ്യത്തില്‍ നല്‍കുകയുണ്ടായി. ഒന്നാം സമ്മാനാര്‍ഹരായ ഹില്‍സ് ടീമിനുള്ള ക്യാഷ് പ്രൈസ് തണ്ടൂരി ഗാര്‍ഡന്‍ റെസ്റ്റോറന്റ്, മോഡേണ്‍ പെസ്റ് മാനേജ്മെന്റ്, ക്രിസ്റല്‍ ടെക് ലിവര്‍പൂള്‍ എന്നിവരും രണ്ടാം സമ്മാനര്‍ഹരായ വെസ്റ്മെഡ് ടീമിനുള്ള കാഷ് പ്രെെസ് ചെന്നൈ ട്രേഡിംഗ് വെസ്റ്മെഡും സ്പോന്‍സര്‍ ചെയ്തു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധതരം നൃത്തം, തിരുവാതിര, ഇന്‍സ്റ്റ്രുമെന്റല്‍ മൂസിക്, മാവേലി എഴുന്നെള്ളത്ത്, പുലികളി, ശിങ്കാരി മേളം തുടങ്ങിയ കലാ പരിപാടികള്‍ കാണികള്‍ക്ക് വളരെയധികം ആസ്വാദ്യകരവും ആവേശകരവുമായി. പിന്നീട് കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനവും കലാ പരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കുകയുണ്ടായി. ജെറി സെബാസ്റ്യന്റെ നന്ദി പ്രകടനത്തെ തുടര്‍ന്ന് ഡിവൈന്‍ മ്യൂസിക് ബാന്റിന്റെ അതി ഗംഭീരമായ ഗാനമേളയോടെ വൈകിട്ട് അഞ്ചു മുപ്പതിന് ഉസ്മയുടെ ഓണപ്പുലരി 2014ന് തിരശ്ശീല വീണു.

റിപ്പോര്‍ട്ട്: വില്‍സണ്‍ അരിമറ്റം