മുസ്ലിം ലീഗ് ആരുടേയും കയ്യടി ആഗ്രഹിക്കുന്നല്ല: ഹനീഫ മൂന്നിയൂര്‍
Tuesday, September 2, 2014 4:45 AM IST
റിയാദ്: മുസ്ലിം ലീഗ് ഒരു വിഷയം ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് പ്രസംഗിച്ചു നടന്ന് കയ്യടി നേടാന്‍ വേണ്ടിയല്ലെന്നും മറിച്ച് സമൂഹത്തിന്റെ ഉന്നമനമാണ് ലീഗ് അതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ പറഞ്ഞു. മദ്യനയത്തിലും പ്ളസ് ടു വിഷയത്തിലും ലീഗ് ലക്ഷ്യമിട്ടത് സമൂഹനന്‍മ മാത്രമാണ്. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൌദിയിലെത്തിയ ഹനീഫ മൂന്നിയൂര്‍ റിയാദില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ റിവൈവ് 2014 കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃ സ്മൃതി പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. മൂസ്ലിം ലീഗ് നേതാക്കളായിരുന്ന സി.എച്ച് മുഹമ്മദ് കോയ, ജി.എം ബനാത്ത്വാല, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ സ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.

അബ്ദുസ്സമദ് കൊടിഞ്ഞി അധ്യക്ഷത വഹിച്ച പരിപാടി റിയാദ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുസ്സലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. എസ്. വി അര്‍ശുല്‍ അഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കെ.കെ കോയാമു ഹാജി, സി.പി മുസ്തഫ, മൊയ്തീന്‍ കുട്ടി തെന്നല, ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി, അസീസ് തൃക്കരിപ്പൂര്‍, ളിയാവുദ്ദീന്‍ ഫൈസി, ബഷീര്‍ വല്ലാഞ്ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിലെ സൌമ്യ സാന്നിധ്യമായിരുന്ന സര്‍വ്വരേയും പുഞ്ചിരിയുടെ പൂമാലയുമായി സ്വീകരിച്ച പാണക്കാട് തങ്ങള്‍ മാതൃകാ ജീവതമാണ് നയിച്ചത്. വിദ്വേഷത്തിന്റെ വിഷത്തുള്ളികള്‍ ഒന്നിനും പകരമല്ലെന്ന് പലപ്പോഴായി തങ്ങള്‍ ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു. മതമൈത്രിയും സാമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴും അദ്ദേഹം അണികളെ ആഹ്വാനം ചെയ്തത്. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് സമയം വീതിച്ചു നല്‍കിയ നേതാവാണ് ശീഹാബ് തങ്ങള്‍.

തന്റേടത്തോടെ നല്ലതെന്ന് തനിക്ക് തോന്നുന്ന തീരുമാനമെടുക്കാന്‍ ആര്‍ജവമുള്ള നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. മൂന്ന് പതിറ്റാണ്ട് മുന്‍പേ മരണപ്പെട്ടിട്ടും ഇന്നും ജനമനസ്സുകളില്‍ നൈര്‍മല്യത്തിന്റെ പ്രതീകമായി സി.എച്ച് നിലനില്‍ക്കുന്നത് അദ്ദേഹം സമൂഹത്തിന് നല്‍കിയ സുകൃതങ്ങള്‍ കൊണ്ടാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം ജനവിഭാഗത്തിന്റേയും ഉന്നമനത്തിനായി നിലകൊണ്ട ജി.എം ബനാത്ത്വാല കര്‍മ്മനിരതനും ആദര്‍ശവാനുമായ നേതാവായിരുന്നു. സമുദായത്തെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാര്‍ലമെന്റില്‍ പിന്തുണക്കുകയും ന്യൂനപക്ഷത്തിനായി ഉറക്കെ ശബ്ദിക്കുകയും ചെയ്ത ബനാത്ത്വാലയെ രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിന് മറക്കാന്‍ സാധിക്കില്ലെന്നും ഹനീഫ മൂന്നിയൂര്‍ അഭിപ്രായപ്പെട്ടു.

ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീര്‍ പെരിഞ്ചീരി, അഷ്റഫ് കല്‍പ്പകഞ്ചേരി, യൂനുസ് സലീം, മുജീബ് ഇരുമ്പുഴി, അസീസ് വെങ്കിട്ട, സാജിദ് മൂന്നിയൂര്‍, ഷൌക്കത്ത് കടമ്പോട്ട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജാഫര്‍ തങ്ങള്‍ ഖിറാഅത്ത് നടത്തി. അലി ഹസ്സന്‍ മൈത്ര സ്വാഗതവും ഇഖ്ബാല്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍