ഇന്തോ -അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ നിവേദനം നല്‍കി
Tuesday, September 2, 2014 4:44 AM IST
ഷിക്കാഗോ: ഇല്ലിനോയിയിലെ ഏറ്റവും സീനിയര്‍ പൊളിറ്റിക്കല്‍ നേതാക്കളായ ഇല്ലിനോയി സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ജോണ്‍ കള്ളര്‍ട്ടണ്‍, അസിസ്റന്റ് മജോറിറ്റി ലീഡര്‍ ഹോണറബിള്‍ ലൂലാങ്, ഷിക്കാഗോ ആള്‍ഡര്‍മാന്‍ ഹോണറബില്‍ അമേയാ പവാര്‍ എന്നിവരുമായി എസ്സെന്‍സ് ഓഫ് ഇന്ത്യാ റെസ്റോറന്റില്‍ വെച്ച് ബ്രേക്ക് ഫാസ്റ് മീറ്റിംഗും, ഷിക്കാഗോയിലെ ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തി. ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസും, ഷിക്കാഗോ സിറ്റി അല്‍ഡര്‍മാന്‍ അമേയാ പവാറുമാണ് ഈ മീറ്റിംഗ് സംഘടിപ്പിച്ചത്.

വിവിധ ഏഷ്യന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ സി.ഇ.ഒമാര്‍, സിറ്റി ഓഫ് ഷിക്കാഗോയിലും, ഇല്ലിനോയിസിലുമുള്ള വിവിധ പ്രൊജക്ടുകള്‍ ബിഡുചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലിനോയിസിലെ പ്രഗത്ഭരായ രണ്ടു നേതാക്കളായ സെനറ്റര്‍ ജോണ്‍ കള്ളര്‍ട്ടണേയും, ലൂലാംങിനേയും അമേയാ പവാറിനേയും അറിയിക്കുകയുണ്ടായി. സെനറ്റര്‍ ജോണ്‍ കള്ളര്‍ട്ടണും, ഇല്ലിനോയിസ് അസിസ്റന്റ് മജോറിറ്റി ലീഡര്‍ ലൂ ലാങും എല്ലാവിധ സഹായങ്ങളും കോണ്‍ട്രാക്ടേഴ്സിന് വാഗ്ദാനം ചെയ്യുകയുണ്ടായി. നവംബറില്‍ നടക്കുന്ന ഇലക്ഷനില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ എല്ലാവരുടേയും സഹകരണങ്ങള്‍അഭ്യര്‍ത്ഥിച്ചു.

ഐ.എ.ഡി.ഒ പ്രസിഡന്റ്ഡോ. ആഷിഷ് സെന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടോം കാലായില്‍ നന്ദി അറിയിക്കുകയും ചെയ്തു. രണ്ടായിരത്തിലധികം അംഗങ്ങളുള്ള ഐ.എ.ഡി.ഒയുടെ 33-മത് വാര്‍ഷിക ബാങ്ക്വറ്റ് സെപ്റ്റംബര്‍ 21-ന് സ്കോക്കി ഹോളിഡേ ഇന്നില്‍ വെച്ച് നടക്കുമെന്ന് പ്രസിഡന്റ് ഡോ. ആഷിഷ് സെന്‍ അറിയിക്കുകയും എല്ലാ ഇന്ത്യക്കാരേയും പ്രസ്തുത സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഗവര്‍ണര്‍ പാറ്റ്ക്യൂന്‍, യു.എസ് സെനറ്റ് അസിസ്റന്റ് മജോറിറ്റി ലീഡര്‍ സെനറ്റര്‍ ഡിക് ഡര്‍ബിന്‍, കോണ്‍ഗ്രസ്മാന്‍ ഡാനി ഡേവിസ്, കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കേവ്സ്കി, അറ്റോര്‍ണി ജനറല്‍ ലിസാ മാഡിഗണ്‍, മേയര്‍മാര്‍, ഇല്ലിനോയിസ് സെനറ്റര്‍മാര്‍, ജഡ്ജിമാര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ വാര്‍ഷിക ബാങ്ക്വറ്റില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ടോം കാലായില്‍, ജോയിന്റ് സെക്രട്ടറി ഷാജന്‍ കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം