ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ്: രാജശ്രീ പിന്റോ ട്രഷറര്‍, ബാബു തോമസ് തെക്കേക്കര ജോ. ട്രഷറര്‍
Tuesday, September 2, 2014 4:42 AM IST
ന്യൂയോര്‍ക്ക്: ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ളബ് ട്രഷററായി രാജശ്രീ പിന്റോയെയും, ജോയിന്റ് ട്രഷറര്‍ ആയി ബാബു തോമസ് തെക്കേക്കരെയെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് അജയ് ഘോഷ്, സെക്രട്ടറി വിനീത നായര്‍ എന്നിവര്‍ അറിയിച്ചു.

സാമൂഹികസാംസ്കാരിക പ്രവര്‍ത്തക, മാധ്യമ പ്രവര്‍ത്തക എന്നീ നിലകളില്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന പ്രമുഖ വ്യക്തിയാണ് രാജശ്രീ. സയന്‍സ്, ബിസിനസ് മാനേജ്മെന്റ് എന്നിവയില്‍ ബിരുദാന്തര ബിരുദം, ജേണലിസത്തില്‍ മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം, എന്നീ ഉന്നത വിദ്യാഭ്യാസങ്ങള്‍ക്കുടമയായ രാജശ്രീ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ മുതല്‍ സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള നല്ലൊരു കവി കൂടിയാണ്. കൈരളി, ജയ്ഹിന്ദ്, എം.സി.എന്‍ ചാനലുകളില്‍ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ പ്രമുഖ പത്രങ്ങളിലൊന്നായ ജയ്ഹിന്ദ് വാര്‍ത്തയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇന്റെര്‍നെറ്റ്, പ്രിന്റ് മീഡിയ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ധാരാളം വാര്‍ത്തകളും, ലേഖനങ്ങളും, കവിതകളും രാജശ്രീയുടെ സംഭാവനകളായുണ്ട്. ന്യൂജേഴ്സി നിവാസിയാണ് രാജശ്രീ.

ബാബു തെക്കേക്കര പ്രമുഖ ഫ്രീലാന്‍സ് ജേണലിസ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ് . അറിയപ്പെടുന്ന സാമൂഹികസാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായ ബാബുവിന്റെ ചെറുകഥകളും, വാര്‍ത്തകളും വായിക്കാത്തവര്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വളരെ കുറവെന്ന് തന്നെ പറയാം. അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിജയപ്രദമായ സാമൂഹിക സേവനമെന്നു പറയാവുന്ന ഫോമായുടെ ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്സിറ്റിയുമായുള്ള വിദ്യാഭ്യാസ പങ്കാളിത്തം ഉണ്ടാക്കാന്‍ സഹായിച്ചതില്‍ ഫോമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ കൂടിയായ ബാബു തെക്കേക്കരയുടെ പങ്ക് പ്രധാനമാണ്. ഇപ്പോള്‍ ബാള്‍ട്ടിമോറില്‍ നിവസിക്കുന്ന അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുമ്പ് കേരളത്തില്‍ അറിയപ്പെടുന്ന ഒരു അഭിഭാഷകനായിരുന്നു. സെലിനാണ് ഭാര്യ. തോമാ മകനും, മറിയം മകളുമാണ്.

രാജശ്രീയുടെയും, ബാബുവിന്റെയും കഴിവുകളും, വ്യക്തി ബന്ധങ്ങളും ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ളബിന് മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് അജയ് ഘോഷ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചകോണം, സെക്രട്ടറി വിനീത നായര്‍, ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ, ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ് സെക്രട്ടറി ജെയിന്‍ മാത്യു മുണ്ടയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.