മുഖ്യമന്ത്രിമാരില്‍ പ്രഗത്ഭന്‍ കരുണാകരന്‍ : കെ. കുഞ്ഞികൃഷ്ണന്‍
Tuesday, September 2, 2014 4:40 AM IST
ഡാളസ്: ഇതുവരെ ഇന്ത്യ കണ്ട മുഖ്യമന്ത്രിമാരില്‍ ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി എന്ന സ്ഥാനം കെ. കരുണാകരന് മാത്രം അര്‍ഹതപ്പെട്ടതാണെന്ന് മുന്‍ ദൂരദര്‍ശന്‍ കേന്ദ്ര മേധാവിയും ഇന്ത്യയിലെ ടെലിവിഷന്‍ രംഗത്തു നിരവധി നൂതനാശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കെ. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യകള്‍ച്ചറല്‍ ആന്‍ഡ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ആഗസ്റ്റ് 31 ഞായറാഴ്ച കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ 'വളരുന്ന മാധ്യമങ്ങളും, തളരുന്ന കേരളവും' എന്നവിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു കുഞ്ഞികൃഷ്ണന്‍.

ദൂരദര്‍ശന്‍ മേധാവി എന്ന നിലയില്‍ മുപ്പതുവര്‍ഷക്കാലം ഔദ്യോഗിക ജീവിതത്തില്‍ പരിചയപ്പെട്ട കേന്ദ്രമന്ത്രിമാരിലും മുഖ്യമന്ത്രിമാരിലും പുരോഗമന ചിന്താഗതിയും, നിശ്ചയദാര്‍ഢ്യവും സമന്വയിച്ച സ്വാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു കെ. കരുണാകരണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദൂരദര്‍ശന്റെ വളച്ചയില്‍ കരുണാകരന്‍ വഹിച്ചപങ്ക് എന്നും സ്മരിക്കപ്പെടും. മുഖ്യമന്ത്രി എന്ന നിലയില്‍ മുമ്പിലെത്തുന്ന ഫയലുകള്‍ സമഗ്രമായി പഠിച്ചതിനു ശേഷം ശരിയാണെന്ന് തനിക്ക് ബോധ്യപ്പെടുന്നവ ഏതു പ്രതിസന്ധികളേയും തട്ടി മാറ്റി പ്രാവര്‍ത്തികമാക്കുന്നതിന് കരുണാകരനുള്ള കഴിവ് അപാരമായിരുന്നു. ഇതിനു സമാനമായ ഒരു മുഖ്യമന്ത്രി കൂടി കേരളത്തിലുണ്ടായിരുന്നത് നായനാരായിരുന്നു. നായനാര്‍ക്ക് ശരിയാണെന്നു ബോധ്യപ്പെടുന്ന വിഷയങ്ങളില്‍ പോലും അന്തിമ തിരുമാനം എടുക്കുന്നതു പാര്‍ട്ടിയായിരിക്കും എന്നുള്ളതു നായനാരെ പലപ്പോഴും വേദനിപ്പിച്ചിരുന്നതായും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കേരള അസോസിയോഷന്‍ പ്രസിഡന്റ് ബാബു മാത്യു മുഖ്യാതിഥികളേയും സദസ്സിനേയും സ്വാഗതം ചെയ്തു. ഭിഷഗ്വരനും സാഹിത്യ നിരൂപകനുമായ ഡോ. എം.വി. പിള്ള ആമുഖ പ്രസംഗവും, മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി റോയി കൊടുവത്ത് നന്ദി പറഞ്ഞു. തുടര്‍ന്നു കെ. കുഞ്ഞികൃഷ്ണന്റെ ജന്മദിനം കടുംബംഗങ്ങളും അസ്സോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് ആഘോഷിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയന്‍