വേനല്‍തുമ്പികള്‍ക്ക് വര്‍ണാഭമായ പരിസമാപ്തി
Monday, September 1, 2014 7:36 AM IST
അബുദാബി: കാല്‍ നൂറ്റാണ്ടിലേറെക്കാലം കേരളത്തിനകത്തും പുറത്തും കുട്ടികളുടെ തിയറ്റര്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിര്‍മല്‍ കുമാറിന്റെ നേതൃത്വത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഒരു മാസക്കാലം നടന്നുവന്നിരുന്ന വേനലവധിക്യാമ്പായ 'വേനല്‍തുമ്പികള്‍' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സമാപി ച്ചു.

ആടിയും പാടിയും കളിച്ചും ചിരിച്ചും വിനോദവും വിജ്ഞാനവും പങ്കുവച്ചും ഒഴിവു ദിനങ്ങള്‍ വളരെ ആഹ്ളാദഭരിതമാക്കിത്തീര്‍ത്ത വേനലവധിക്യാമ്പില്‍ പുതുമ നിറഞ്ഞ പരിപാടികള്‍ കൊണ്ടും ആസൂത്രണത്തിലെ മികവുകൊണ്ടും സാധാരണയില്‍ നിന്നും വ്യത്യസ്തമായി കുട്ടികളുടെ നിത്യ ജീവിതത്തിനു ഉപയുക്തമാകും വിധം ഒട്ടേറെ അറിവുകള്‍ പകര്‍ന്നുനല്‍കാനുപകരിച്ചു.

സെന്റര്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ നിര്‍മല്‍ കുമാര്‍, സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ക്യാമ്പ് ഡയറക്ടര്‍ മധു പരവൂര്‍, വനിതാ വിഭാഗം ആക്ടിംഗ് കണ്‍വീനര്‍ ബിന്ദു ശോഭി, ബാലവേദി സെക്രട്ടറി റെയ്ന റഫീഖ്, കലാവിഭാഗം സെക്രട്ടറി രമേശ് രവി എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളെ തല്ലിയും ശാസിച്ചുമല്ല വളര്‍ത്തേണ്ടതെന്നും അവര്‍ക്ക് സ്നേഹം പകര്‍ന്ന് വളര്‍ത്തുകയാണെങ്കില്‍ നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേയ്ക്ക് അവര്‍ വളരുമെന്നും തന്റെ ക്യാമ്പ് അനുഭവങ്ങള്‍ പങ്കുവച്ച് സംസാരിക്കവെ നിര്‍മല്‍ കുമാര്‍ അഭിപ്രായപ്പെട്ടു. കുട്ടികളെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം

എല്ലാ ദിവസവും കുറച്ചുസമയം അവരെ സ്വതന്ത്രരായി വിടാന്‍ അനുവദിക്കുകയാണെങ്കില്‍ നമ്മുടെയെല്ലാം പ്രതീക്ഷകള്‍ക്കപ്പുറത്തേയ്ക്കുള്ള സര്‍ഗാത്മക കഴിവുകള്‍ പ്രകടമാക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ക്യാമ്പ് അസിസ്റന്റ് ഡയറക്ടര്‍മാരായ പി.കെ. നിയാസ്, വനജ വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള ബഹുമതിപത്രം മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ വിതരണം ചെയ്തു. നിര്‍മല്‍ മാസ്റ്റര്‍ക്കുള്ള വേനല്‍ തുമ്പികളുടെ സ്നേഹോപഹാരം സഹേലും സെന്ററിന്റെ സ്നേഹോപഹാരം പ്രസിഡന്റും വിതരണം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ രാജീവ് മുളക്കുഴ രചിച്ച നിര്‍മല്‍ കുമാറിന്റെ കാരിക്കേച്ചറും ചടങ്ങില്‍ സമ്മാനിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത ഏറ്റവും ചെറിയ കുട്ടികള്‍ അവതരിപ്പിച്ച 'മാനത്തുള്ളൊരു നാട്ടിലെ, മാരിവില്ലിന്‍ വീട്ടിലെ പൊന്‍മുട്ടയിടുന്നൊരു താറാവ്', 'ഞാനൊരു പട്ടരാണ്, പട്ടാമ്പിക്കാരനാണ്....' എന്ന് തുടങ്ങുന്ന ആംഗ്യ പാട്ടുകളോടുകൂടിയാണ് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് ക്യാമ്പില്‍ പങ്കെടുത്ത നൂറ്റമ്പതോളം കുട്ടികള്‍ രംഗത്തവതരിപ്പിച്ച ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന കലാപരിപാടികള്‍ ക്യാമ്പില്‍ നിന്നും കുട്ടികള്‍ വളര്‍ത്തിയെടുത്ത സര്‍ഗവാസനകളുടെ പ്രകടനമായിരുന്നു.

കൃഷ്ണന്‍ വേട്ടംപള്ളിയുടെ സംവിധാനത്തില്‍ അരങ്ങേറിയ 'കോഴിപുരാണം' എന്ന ലഘു ഹാസ്യനാടകം പണംകൊടുത്ത് സീറ്റ് നേടി മണ്ടന്മാരായ കുട്ടികള്‍ ഡോക്ടര്‍മാരാകുന്ന അശാസ്ത്രീയമായ വിദ്യാഭ്യാസ രീതിയെ നിശിതമായി വിമര്‍ശിക്കുന്നവയായിരുന്നു. ഓണം വന്നു പൊന്നോണം വന്നു എന്നു തുടങ്ങുന്ന സംഘഗാനത്തോടെ കലാപരിപാടികള്‍ക്ക് തിരശീല വീണു.

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടു ത്തിക്കൊണ്ട് സെന്ററിന്റെ ചുമര്‍ മാസികയായ 'ജാലകം' വേനല്‍തുമ്പികളുടെ ജാലകം എന്ന പേരില്‍ പ്രകാശനം ചെയ്തു. സമാപനത്തിന്റെ ഭാഗമായി കുട്ടികള്‍ സംഘടിപ്പിച്ച ഭക്ഷണത്തോടുകൂടിയുള്ള കുടുംബ സംഗമം ഏറെ പുതുമ നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള