ജര്‍മന്‍ സ്റേറ്റ് ഇലക്ഷനില്‍ യൂറോവിരുദ്ധ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം
Monday, September 1, 2014 7:32 AM IST
ബര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോവിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിക്ക് (ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി) സാക്സണ്‍ സ്റേറ്റ് അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം. തങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി സ്റേറ്റ് അസംബ്ളിയില്‍ സീറ്റ് സ്വന്തമാക്കിയ പാര്‍ട്ടി, ആകെ പത്തു ശതമാനത്തിനടുത്ത് വോട്ടും പിടിച്ചു.

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സിഡിയു 39 ശതമാനം വോട്ടുമായി മുന്നിലെത്തി. ഇവിടെയും ഇവര്‍ക്കു ഭരിക്കാന്‍ പുതിയൊരു സഖ്യകക്ഷി ആവശ്യമായി വരുമെന്നാണ് അവസാനത്തെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.

പൊതു കറന്‍സിയായ യൂറോ ഉപേക്ഷിച്ച്, ജര്‍മനി പഴയ നാണയമായ മാര്‍ക്കിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് എഎഫ്ഡി. ഇവര്‍ക്ക് പരമാവധി ഏഴു ശതമാനം വോട്ടാണ് തെരഞ്ഞെടുപ്പിനു മുമ്പ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇതിനകം 9.6 ശതമാനം വോട്ട് ഉറപ്പായിക്കഴിഞ്ഞു.

ബിസിനസ് അനുകൂല കക്ഷിയായ ഫ്രീ ഡെമോക്രാറ്റുകളാണ് സാക്സണില്‍ ഇപ്പോള്‍ സിഡിയുവിന്റെ മുഖ്യ സഖ്യകക്ഷി. ഇവര്‍ക്ക് പാര്‍ലമെന്റ് പ്രാതിനിധ്യത്തിന് ആവശ്യമായ അഞ്ച് ശതമാനം വോട്ട് നേടാന്‍ ഇത്തവണയും സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അമ്പേ തകര്‍ന്നു തരിപ്പണമായ എഫ്ഡിപി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലെന്നു പറയുമ്പോഴും വീണ്ടും തകരുകയാണ്. എഫ്ഡിയാകട്ടെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ഒരംഗത്തെപ്പോലും ജര്‍മന്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ വര്‍ഷം മേയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് അംഗങ്ങളെ ജയിപ്പിച്ച് പാര്‍ലമെന്റില്‍ കടക്കാനായി.

ജര്‍മനി ഭരിക്കുന്ന മെര്‍ക്കലിന്റെ വിശാലമുന്നണി സര്‍ക്കാരിലെ കൂട്ടകക്ഷിയായ സോഷ്യലിസ്റ് ഡമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) 12.5 ശതമാനം വോട്ടുനേടി. കുടിയേറ്റം നിരോധിക്കണമെന്നാവശ്യപ്പെടുന്ന, അതിനായി പൊരുതുന്ന എന്‍പിഡിക്കും ഇത്തവണ നഷ്ടം നേരിട്ടു. ഗ്രീന്‍ പാര്‍ട്ടികള്‍ അഞ്ചു ശതമാനവും കിഴക്കന്‍ ജര്‍മന്‍ കമ്യൂണിസത്തില്‍ വേരുകളുള്ള, തീവ്രഇടതുപക്ഷക്കാരായ ദി ലിങ്കെ പാര്‍ട്ടി 19 ശതമാനം വോട്ട് നേടുകയും ചെയ്തു.

മെര്‍ക്കലിന്റെ പാട്ടിയായ സിഡിയുവാണ് നിലവില്‍ ഇവിടെ ഭരണം കൈയാളുന്നത്. ഇപ്രാവശ്യം ഏറ്റവും കൂടുതല്‍ അംഗങ്ങളെ ജയിപ്പിക്കാനായെങ്കിലും ആരുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഭരണം നിലനിര്‍ത്താനാവു എന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍