കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 12 ന്
Monday, September 1, 2014 7:27 AM IST
കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 12 ന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ രാത്രി 10.30 വരെ ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ക്നാനായ സമുദായത്തിന്റെ തനത് ആചാരമായ നടവിളി മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും.

തുടര്‍ന്ന് തിരുവാതിര, നാടന്‍ പാട്ടുകള്‍, ചെണ്ടമേളം, മാര്‍ഗം കളി, എന്നിവ നടക്കും. ആറിന് വാദ്യമേളങ്ങളുടേയും താലപൊലിയുടേയും അകമ്പടിയോടെ മാവേലിയേയും മുഖ്യാതിഥികളേയും വേദിയിലേക്ക് ആനയിക്കും. കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

കുവൈറ്റിലെ വൈദികരും വിവിധ സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭവന നിര്‍മാണ പദ്ധതിയുടെ പ്രവര്‍ത്താനോദ്ഘാടനം അന്നേ ദിവസം നടക്കും. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ നടക്കും. വൈകുന്നേരം 3.30 ന് അബാസിയ, ഫഹഹീല്‍, സാല്‍മിയ എന്നിടങ്ങളില്‍ നിന്നും വാഹന സൌകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഏരിയ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.