എഐസിയു വാര്‍ഷിക സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Saturday, August 30, 2014 8:28 AM IST
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു) 95-ാമത് വാര്‍ഷികവും അറുപതാമത് വാര്‍ഷിക പൊതുയോഗവും ഓഗസ്റ് 23ന് കൊച്ചി റിന്യുവല്‍ സെന്ററില്‍ സംഘടിപ്പിച്ചു. സഭാ കാര്യങ്ങളില്‍ അല്‍മായര്‍ കൂടുതല്‍ സജീവമാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വാരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ആഹ്വാനം ചെയ്തു.

ചടങ്ങില്‍ വനിതാ ശാക്തീകരണത്തിനും ശിശു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ എഐസിയു നാഷണല്‍ അവാര്‍ഡ് ഡല്‍ഹി അതിരൂപത ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് മിനിമോള്‍ക്ക്, ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സമ്മാനിച്ചു.

ചടങ്ങില്‍ എഐസിയു നാഷണല്‍ പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യരത്നം പുരസ്കാരം തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സിജിഎച്ച്എസ്എസിലെ പ്രധാനാധ്യാപിക സിസ്റര്‍ മേരി പി. സിഎംസിക്കും പ്രവാസി അത്മായ രത്നം പുരസ്കാരം ഡേവിസ് എടക്കളത്തൂര്‍ (ഖത്തര്‍) എന്നിവര്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മാനിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന ദിവ്യബലിയില്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വസ്റര്‍ പൊന്നുമുത്തന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്