മതബോധന പഠനത്തില്‍ മാതാപിതാക്കള്‍ക്ക് മുഖ്യപങ്ക്: റവ.ഡോ. അഗസ്റിന്‍ പാംപ്ളാനി
Saturday, August 30, 2014 4:09 AM IST
ഫീനിക്സ്: ഫീനിക്സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ 2014- 15 അദ്ധ്യയനവര്‍ഷത്തിലെ മതബോധന ക്ളാസുകളുടെ ആരംഭം ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ട്, മുഖ്യകാര്‍മികന്‍ റവ.ഡോ. അഗസ്റിന്‍ പാംപ്ളാനി, സിസ്റര്‍ ബെര്‍ണാഡെറ്റ്, സിസ്റര്‍ ജെമ്മ എന്നിവര്‍ ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.

കുട്ടികളുടെ മതബോധന പഠനത്തിലും വിശ്വാസ പരിശീലനത്തിലും മാതാപിതാക്കള്‍ക്കുള്ള പങ്കിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതായിരുന്നു റവ. ഡോ. അഗസ്റിന്‍ പാംപ്ളാനി അച്ചന്റെ മുഖ്യ പ്രഭാഷണം. മതാദ്ധ്യാപകര്‍ക്ക് ഞായറാഴ്ചകളില്‍ കിട്ടുന്ന ചുരുങ്ങിയ മണിക്കൂറുകള്‍ കഴിഞ്ഞാല്‍, പിന്നീടുള്ള ആഴ്ചയുടെ ഭൂരിഭാഗം സമയവും മാതാപിതാക്കള്‍ക്ക് ഒപ്പമാണ് കുട്ടികള്‍ ചിലവഴിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവാദിത്വവും കൂടുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇടവകയിലെ മതാദ്ധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായിരുന്നു വികാരി ഫാ. മാത്യു മുഞ്ഞനാട്ടിന്റെ സന്ദേശം “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുക; അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും’ (മാത്യു, 6:33) എന്ന ആപ്തവാക്യ വചനം വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും മാതാപിതാക്കളും ഒരേസമയം ഉരുവിട്ടത് വേറിട്ട ഒരു അനുഭവമായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 'മനതവും ശാസ്ത്രവും' എന്ന വിഷയത്തില്‍ ഡോ. അഗസ്റിന്‍ പാംപ്ളാനി ക്ളാസ് നയിച്ചു. വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഡി.ആര്‍.ഇ സാജന്‍ മാത്യു 2014- 15 അദ്ധ്യന വര്‍ഷത്തെ ഇയര്‍പ്ളാനും, വിശദമായ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ അസിസ്റന്റ് ഡി.ആര്‍.ഇ ആന്റോ യോഹന്നാന്‍ സ്വാഗതവും മതാദ്ധ്യാപകന്‍ ഷാജു നെറ്റിക്കാടന്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം