വൈറ്റ് പ്ളെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍
Saturday, August 30, 2014 4:07 AM IST
ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്റെ കനിവാര്‍ന്ന മഹാസാന്നിദ്ധ്യത്താല്‍ പ്രസിദ്ധിയാര്‍ജിച്ച വൈറ്റ് പ്ളെയിന്‍സ് സ്ന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പു പെരുന്നാളും കാലം ചെയ്ത പുണ്യശ്ശോകനായ മോര്‍ ബസേലിയോസ് പൌലൂസ് രണ്ടാമന്‍ കാതോലിക്കാ ബാവായുടെ ദുഖ്റോനോയും ഈ വര്‍ഷവും അത്യാദരപൂര്‍വം നടത്തപ്പെടുകയാണ്.

വി.മാതാവിന്റെ ജനനപ്പെരുന്നാളിന്റെ ഓര്‍മ്മയോടനുബന്ധിച്ച് വിശ്വാസികള്‍ ഉപവാസവും, പ്രാര്‍ത്ഥനയുമായി എട്ടു ദിവസങ്ങള്‍ തുടര്‍ച്ചയായി ആചരിക്കുന്ന നോമ്പിലൂടെ ആ ധന്യവതിയുടെ പുണ്യജീവിതവും വിനയവും സഹിഷ്ണതയും സ്വാംശീകരിക്കുവാനാണ് ശ്രമിക്കുക. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വി.കന്യകയുടെ സന്നിധെ ആവശ്യങ്ങള്‍ അര്‍പ്പിക്കാന്‍ നൂറുകണക്കിനു വിശ്വാസികള്‍ വൈറ്റ് പ്ളെയിന്‍സ് ദേവാലയത്തിലേക്ക് വര്‍ഷം തോറും കടന്നു വരുന്ന പതിവാണുള്ളത്.

ഈ വര്‍ഷത്തെ എട്ടുനോമ്പാചരണം ഈ ശനിയാഴ്ച (ഓഗസ്റ് 30) ആരംഭിച്ച് സെപ്റ്റംബര്‍ 6 ശനിയാഴ്ച പര്യവസാനിക്കും. എല്ലാ ദിവസവും വി.കുര്‍ബ്ബാനയും, വചന ശുശ്രൂഷയും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ ഒന്നിന് തിങ്കളാഴ്ച വി.കുര്‍ബ്ബാന മദ്ധ്യേ  പുണ്യപിതാവ് മോര്‍ ബസേലിയോസ് പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പതിനെട്ടാമത് ഓര്‍മ്മയെപ്രതി പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും നടത്തപ്പെടും. ദേവാലയത്തില്‍ ഭജനയിരിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്െടന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം