അയര്‍ലന്‍ഡ് സിറിയന്‍ ഓര്‍ത്തഡോക്സ് കുടുംബസംഗമം രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
Friday, August 29, 2014 6:52 AM IST
ഗാള്‍വേ (അയര്‍ലന്‍ഡ്) : സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലന്‍ഡ് പാത്രിയര്‍ക്കല്‍ വികാരിയേറ്റിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27, 28 (ശനി, ഞായര്‍) തീയതികളില്‍ താലാ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ നഗറില്‍ നടത്തുന്ന കുടുംബസംഗമത്തിന്റെ ഇടവകതലത്തിലുള്ള രജിസ്ട്രേഷന്‍ ഉദ്ഘാടനം ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു.

വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടില്‍ രജിസ്ട്രേഷന്‍ ഫോം ട്രസ്റി വിനോദ് ജോര്‍ജിന് നല്‍കി ഉദ്ഘടനം നിര്‍വഹിച്ചു.

'അങ്ങയുടെ കല്‍പ്പനകളെ എന്നില്‍നിന്നു മറച്ചു വയ്ക്കരുതേ' എന്ന സങ്കീര്‍ത്തന വാക്യത്തെ അധികരിച്ച് നടത്തപ്പെടുന്ന കുടുംബ സംഗമത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് പ്രഥമന്‍ ബാവ മുഖ്യാതിഥിയായിരിക്കും. കുടുംബസംഗമം പൂര്‍വാധികം പ്രയോജനകരമായി തീരുന്നതിനു മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്ളാസുകള്‍, സണ്‍ഡേസ്കൂള്‍, വനിതാ സമാജം പ്രവര്‍ത്തകരുടെ പ്രത്യേക സമ്മേളനം, കലാകായിക പരിപാടികള്‍, റാലി, ശ്രേഷ്ഠ ബാവ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന എന്നിങ്ങനെയുള്ള പരിപാടികള്‍ വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

കുടുംബ സംഗമത്തിന് മുന്നോടിയായി എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു പ്രശസ്തമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നോക്ക് പള്ളിയില്‍ സെപ്റ്റംബര്‍ ആറിന് (ശനി) രാവിലെ 11 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും കുടുംബ സംഗമത്തിലും എല്ലാ വിശ്വാസികളും ആത്മീയ ഒരുക്കത്തോടെ പങ്കെടുക്കണമെന്ന് വികാരി ഫാ. ബിജു പാറേക്കാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നോബി സി. മാത്യു