കേരള ക്ളബിന്റെ ഓണാഘോഷം ഓഗസ്റ് 30 ന്
Friday, August 29, 2014 6:52 AM IST
ഡിട്രോയ്റ്റ്: മലയാളികളുടെ മഹാബലി തമ്പുരാന്‍ തന്റെ ജനങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്ന ഓണാഘോഷം ഭൂമി മലയാളികളോടൊപ്പം അമേരിക്കന്‍ മലയാളി മക്കളും ആഘോഷിക്കുന്നു.

മിഷിഗണില്‍ ഏറ്റവും ആദ്യം സ്ഥാപിതമായതും മിഷിഗണിലെ മലയാളി സംഘടനകളുടെ കാരണവ സ്ഥാനത്തു നില്‍ക്കുന്ന ദി കേരള ക്ളബ് ഓഫ് ഡിട്രോയ്റ്റ് എല്ലാ വര്‍ഷത്തെയും പോലെ ഈവര്‍ഷവും പുതുമയുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നു.

മിഷിഗണിലെ ബെവെര്‍ലി ഹീല്‍സിലുള്ള ഗ്രോവ്സ്ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഓഗസ്റ് 30ന് (ശനി) വൈകുന്നേരം അഞ്ചിന് വിപുലമായ ഓണ സദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

ശര്‍ക്കര പുരട്ടി മുതല്‍ അടപ്രഥമന്‍ വരെയുള്ള പതിനെട്ടോളം കറികള്‍ കൂട്ടി വിപുലമായ സദ്യയാണ് സംഘാടകര്‍ ഒരുക്കുന്നത്. കുട്ടികളുടെ കലാ പരിപാടികള്‍ക്കുശേഷം ഡിട്രോയ്റ്റിലെ ചെണ്ട ആശാന്‍ ജോസ് ലൂക്കോസിന്റെ ശിഷ്യന്മാര്‍ ഒരുക്കുന്ന മലയാളാത്തിന്റെ സ്വന്തം ചെണ്ട മേളവും അരങ്ങേറും.

കേരള ക്ളബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന നള ചരിതം എന്ന സംഗീത നാട്യ നൃത്ത കലാപരിപാടി പരിപാടികളില്‍ മുഖ്യാകര്‍ഷണമായിരിക്കും. ഗാഡവും പവിത്രവുമായ പ്രണയ ബന്ധത്തിന്റെ കഥ പറയുന്ന നളചരിതത്തെ ആസ്പദമാക്കിയാണ് ഈനാടക ശില്‍പ്പം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

പരിപാടികളില്‍ പങ്കെടുത്ത് വന്‍ വിജയമാകുവാന്‍ മിഷിഗണിലെ എല്ലാ മലയാളികളോടും പ്രസിഡന്റ് രമ്യഅനില്‍കുമാറും സെക്രട്ടറി സുഭാഷ് രാമചന്ദ്രനും അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രമ്യഅനില്‍കുമാര്‍ 248 219 1805.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍