വിനീത നായര്‍ ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് ജനറല്‍ സെക്രട്ടറി
Friday, August 29, 2014 2:58 AM IST
ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമപ്രവര്‍ത്തക വിനീത നായരെ ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പ്രസിഡന്റ് അജയ് ഘോഷ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചകോണം എന്നിവര്‍ അറിയിച്ചു.

വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ മുതല്‍ ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തനമാരംഭിച്ച വിനീത കേരളത്തിലും അമേരിക്കയിലുമായി പല പ്രമുഖ ചാനലുകളിലും അവതാരകയായും, ഇന്റര്‍വ്യൂവറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം ഐ.പി.ടി.വിയുടെ മലയാളം ന്യൂസിലൂടെ എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും സുപരിചിതയാണ് വിനീത. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങുകളില്‍ എം.സിയായി പ്രവര്‍ത്തിച്ച് തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുമുണ്ട്.

കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ വിനീത ബാംഗളൂരിലും, തിരുവനന്തപുരത്തും അഡ്വര്‍ടൈസിംഗ് മേഖലയില്‍ ക്രിയേറ്റീവ് കോപ്പി റൈറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ധാരാളം ലേഖനങ്ങളും വിനീതയുടെ സംഭാവനകളായുണ്ട്. മാധ്യമ പ്രവര്‍ത്തനങ്ങള്‍ കൂടാതെ പ്രഭാഷണങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അത് ഇംഗ്ളീഷിലോ മലയാളത്തിലോ എഴുതിക്കൊടുക്കുന്നതും, പ്രസംഗിക്കാന്‍ മറ്റുള്ളവരെ പ്രാപ്തരാക്കുന്നതുമായ പ്രസ്ഥാനത്തിനുടമ കൂടിയാണ് വിനീത.

വിനീതയെ ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ലഭിച്ചത് എന്തുകൊണ്ടും പ്രസ് ക്ളബിന്റെ വളര്‍ച്ചയ്ക്കും, അമേരിക്കന്‍ മാധ്യമ രംഗത്തിനു തന്നെയും ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രസിഡന്റ് ഡോ. അജയ് ഘോഷ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചകോണം എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം