ഡോ: സുരേന്ദ്രന്‍ നായര്‍ക്ക് മിലന്റെ യാത്രയയപ്പ്
Thursday, August 28, 2014 8:37 AM IST
ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാള സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍, ആതുര സേവനത്തോടൊപ്പം മലയാള ഭാഷയെ ഹൃദയതുല്യം സ്നേഹിക്കുകയും ഒട്ടേറെ കവിതകള്‍ ലോക മലയാളികള്‍ക്ക് സമ്മാനിക്കുകയും ചെയ്ത ഡോ. സുരേന്ദ്രന്‍ നായര്‍ക്ക് ഡിട്രോയ്റ്റിലെ മലയാളി പൌര സമൂഹത്തോടൊപ്പം വികാരപൂര്‍വമായ യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് തോമസ് കര്‍ത്തനാള്‍ അധ്യക്ഷത വഹിച്ചു. മീറ്റിംഗില്‍ ഡിട്രോയിറ്റിലെ വിവിധ സാംസ്കാരിക സംഘടന നേതാക്കള്‍ പങ്കെടുത്തു. മിലന്‍ സെക്രട്ടറി ബിന്ദു പണിക്കര്‍, ഡോ. സുരേന്ദ്രന്‍ നായരെ സദസിനു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കൃതികള്‍ ചങ്ങാമ്പുഴയുടെ കവിതകള്‍ പോലെ മധുരവും കൊച്ചുകുട്ടികള്‍ക്ക് പോലും മനസിലാകുന്ന ഭാഷാ ശൈലിയും അതോടൊപ്പം തന്നെ ആഴമേറിയ അര്‍ഥതലങ്ങളും ഉള്ളതാണെന്ന് ബിന്ദു അഭിപ്രായപ്പെട്ടു.

ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് മാത്യൂസ് ചെരുവില്‍, ഇന്ത്യ ലീഗ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് വണ്ണിലം, സുരേന്ദ്രന്‍ നായര്‍ (കെഎച്ച്എന്‍എ), പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍കുളം, ജോസ് ലൂക്കോസ്, ഡോ. രാധാകൃഷ്ണന്‍, ബൈജു പണിക്കര്‍ തുടങ്ങിയവര്‍ ഡോ. സുരേന്ദ്രന്‍ നായര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ബിനി പണിക്കര്‍ അദ്ദേഹത്തിനുവേണ്ടി ഒരു കവിത ആലപിക്കുകയും സബരി സുരേന്ദ്രന്‍ അദ്ദേഹത്തിനുവേണ്ടി എഴുതി തയാറാക്കിയ ഒരു കവിത അവതരിപ്പിക്കുകയും ചെയ്തു.

ഇത്രയും വര്‍ഷങ്ങള്‍ മിഷിഗണില്‍ താമസിച്ചപ്പോള്‍ മിലനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതു ഭാഗ്യമായി കരുതുന്നതെന്നു ഡോ. സുരേന്ദ്രന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എവിടെയായിരുന്നാലും മിഷിഗണും ഇവിടുത്തെ മലയാളികളും എപ്പോഴും മനസിലുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ജോയിന്റ് സെക്രട്ടറി അനില്‍ ഫിലിപ്പ് നന്ദി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കര്‍ത്തനാള്‍ 5867477801.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍