ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന് വന്‍ വരവേല്‍പ്പ്
Thursday, August 28, 2014 8:35 AM IST
ജിദ്ദ: വിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ഓഗസ്റ് 27ന് (ബുധന്‍) ഉച്ചക്ക് 12ന് ആണ് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ എത്തിയത്.

ഹജ്ജ് കമ്മിറ്റി വഴി കൊല്‍ക്കത്തയില്‍ നിന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ 235 പേര്‍ അടങ്ങുന്ന ആദ്യ സംഘത്തെ ഇന്ത്യന്‍ സ്ഥാനപതി ഹാമിദ് അലി റാവു, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്ക് മറ്റ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം സെപ്റ്റംബര്‍ 14 ന് എത്തും. 28 നകം കേരളാ ഹാജിമാരുടെ വരവ് പൂര്‍ത്തിയാകും. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ജിദ്ദയില്‍ ആണ് വിമാനമിറങ്ങുക. മദീന വഴിയും ആയിരിക്കും ഇവരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരും സ്വകാര്യ ടൂര്‍ ഒപ്പറേറ്റര്‍മാര്‍വഴി 36,000 തീര്‍ഥാടകരുമാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാനായി എത്തിച്ചേരുന്നത്.

സൌദി ഗവണ്‍മെന്റ് ഈവര്‍ഷം ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വോട്ട 1,36,020 ആണ്. ഹറം,മതാഫ് വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെപോലെ ഈ വര്‍ഷവും ഇരുപത് ശതമാനം വെട്ടികുറച്ചിട്ടുണ്ട് .ഇത് അടുത്ത വര്‍ഷവും തുടരുമെന്ന് കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്ക് പറഞ്ഞു.

21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 360 വിമാന സര്‍വീസുകളാണ് ഇത്തവണ ഇന്ത്യന്‍ ഹാജിമാരെയും വഹിച്ചുകൊണ്ട് പുണ്യഭൂമിയില്‍ എത്തുക.

ഇതില്‍ 55,210 പേര്‍ മദീന വഴിയും 44810 പേര്‍ ജിദ്ദ വഴിയും എത്തും. എയര്‍ ഇന്ത്യയും സൌദി എയര്‍ലൈന്‍സുമാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്. ഹജ്ജ് സീസണ് തുടക്കമായതോടെ സൌദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനു മക്കയിലെ റോഡുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹാജിമാര്‍ തിരിച്ചു പോകുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബാഗേജുകളുടെ ചെക്ക് ഇന്‍ നടപടികള്‍ താമസ സ്ഥലത്തുതന്നെ പൂര്‍ത്തിയാക്കണമെന്നും ഹാജിമാര്‍ക്കുള്ള അഞ്ചു ലിറ്റര്‍ സംസം കാനുകള്‍ തിരിച്ചെത്തുമ്പോള്‍ അതതു എംബാര്‍ക്കെഷന്‍ പോയിന്റുകളില്‍ ലഭ്യമാകുമെന്നും ഇതിനായി എയര്‍ ഇന്ത്യ, സൌദി എയര്‍ലൈന്‍സ് എന്നീ വിമാനത്തില്‍ സൌകര്യം ഒരുക്കിയിട്ടുണ്െടന്നും ബി.എസ് മുബാറക് പറഞ്ഞു

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം