സിംഗപ്പൂര്‍ യാക്കോബായ കത്തീഡ്രലില്‍ എട്ടു നോമ്പ് പെരുന്നാള്‍
Thursday, August 28, 2014 8:33 AM IST
സിംഗപ്പൂര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ഓഗസ്റ് 30 മുതല്‍ സെപ്റ്റംബര്‍ ആറു വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.

ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു പ്രാര്‍ഥിച്ചാല്‍ ഫലം നിശ്ചയം. ഇതാണ് ഇത്രയേറെ വിശ്വാസികള്‍ എല്ലാ വര്‍ഷവും എട്ടു നോമ്പ് പെരുന്നാളിന് സിംഗപ്പൂര്‍ യാക്കോബായ കത്തീഡ്രലില്‍ തടിച്ചു കൂടാന്‍ കാരണം.

2008 ല്‍ സ്ഥാപിതമായ ഇടവക ഇന്നു ഒരു മഹാ ഇടവക ആയിത്തീരുകയും സമീപ രാജ്യങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്തു വരുന്നു.

ഓഗസ്റ് മൂന്നിന് വൈകിട്ട് കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന കൊടിയേറ്റോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും.

മാര്‍ത്തോമ പള്ളി വികാരി ഫാ.ഷിബു പി. വര്‍ഗീസ് അനുഗ്രഹപ്രഭാഷണം നടത്തും. സെപ്റ്റംബര്‍ ഒന്നിന് (തിങ്കള്‍) ആബൂന്‍ മോര്‍ ബസേലിയോസ് പൌലോസ് ദിതീയന്‍ ബാവയുടെ പ്രത്യേക ഓര്‍മപെരുന്നാള്‍ ആചരിക്കുന്നു.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെ വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും ധ്യാനയോഗങ്ങളും വുഡ് ലാന്റ്സ് കത്തീഡ്രലില്‍ നടക്കും.

ഓഗസ്റ് 31ന് സിഎസ്ഐ സഭയിലെ ഫാ.ജേക്കബ് ജോണ്‍സണ്‍, സെപ്റ്റംബര്‍ അഞ്ചിന് കത്തോലിക്കാ സഭയിലെ ഫാ. സലിം ജോസഫ് എന്നിവര്‍ സന്ദേശം നല്‍കും. എല്ലാ ദിവസവും വിശ്വാസികള്‍ക്കായി നേര്‍ച്ച നല്‍കുവാനുള്ള അവസരം ഉണ്ടായിരിക്കും.

പെരുന്നാള്‍ ദിവസമായ ആറിന് (ശനി) വൈകുന്നേരം ഇടവക മെത്രാപോലീത്ത ഡോ.ഏലിയാസ് മോര്‍ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ശേഷം പ്രതീക്ഷണവും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതുപോലെ നേര്‍ച്ചയും സ്നേഹവിരുന്നും പള്ളിയങ്കണത്തില്‍ കൊടുക്കുവാനുള്ള ക്രമീകരണം ചെയ്തുവരുന്നു. പെരുന്നാള്‍ കണ്‍വീനര്‍ ഏലിയാസ് കുര്യാക്കോസിനെ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുത്തു.

നേര്‍ച്ച കാഴ്ച്ചകളോടെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍ അറിയിച്ചു. പെരുന്നാള്‍ നോട്ടീസ് പള്ളി ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 6581891415.

റിപ്പോര്‍ട്ട്: ബേസില്‍ ബേബി