മേഴ്സിസൈഡ് റോയല്‍സിന്റെ 'ഓണപുലരി'യും അഖില യുകെ വടംവലി മത്സരവും
Thursday, August 28, 2014 8:31 AM IST
ലണ്ടന്‍: കേരളീയരുടെ സ്വന്തം വിളവെടുപ്പ് മഹോല്‍സവമായി ആഘോഷിച്ചുവരുന്ന തിരുവോണനാളിലെ അത്തപൂക്കളം ഒരുക്കലും നാടന്‍ കളികളും ഊഞ്ഞാലാട്ടവും തുമ്പിതുള്ളലുമെല്ലാം പ്രവാസികളായ നമ്മുടെ ഇടയിലേക്ക് പറിച്ചു നട്ടതോ അതോ ഒരു സ്വപ്നമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ജനപങ്കാളിത്തംകൊണ്ടും ആഘോഷങ്ങള്‍കൊണ്ടും അതിശയിപ്പിക്കുംവിധം മേഴ്സിസൈഡ് റോയല്‍സിന്റെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) ബിര്‍കന്‍ഹെട്ടിലെ സെന്റ് ജോസഫ്സ് പ്രൈമറി സ്കൂള്‍ അങ്കണത്തില്‍ ആഘോഷിക്കുന്നു.

രാവിലെ ഒമ്പതിന് അഖില യുകെ വടംവലി മത്സരവും ഉച്ചക്ക് 23 വിഭവങ്ങളോട് കൂടിയ ഓണസദ്യയും തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും കലാവിരുന്നും ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു പതിറ്റാണ്ട് മുമ്പ് മലയാളി എന്ന ഒറ്റ വാക്കില്‍ അറിയപ്പെട്ടിരുന്നതും സൌഹൃദയങ്ങള്‍ പുതുക്കിയും പുതിയ സുഹൃത്തുകളെ കണ്ടുമുട്ടിയും സന്തോഷത്തോടെ ഓണമാഘോഷിച്ചിരുന്ന പ്രവാസി സമൂഹത്തില്‍ ദേശത്തിന്റെയും മതത്തിന്റെയും പേരിലുള്ള കൂട്ടായ്മകളുടെ അതിപ്രസരം മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്ന ആ നല്ല നാളുകളെ പുനര്‍ജനിപ്പിക്കുവാനും അകന്നുപോയ കണ്ണികളെ വിളക്കി എടുത്തുകൊണ്ടും അതിലൂടെ പുത്തന്‍ ഉണര്‍വില്‍ ഒരു കൂട്ടുകുടുംബമായി കടന്നു വന്നുകൊണ്ട് അതിന്റെ പൂര്‍ണതയിലെത്തിക്കുവാനായി എല്ലാ മലയാളികളേയും ഈ ഓണാഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വടംവലി സംബന്ധിച്ച വിവരങ്ങള്‍ക്ക്: 07985118737, പ്രവേശന പാസുകള്‍ക്ക് 07888110541.

റിപ്പോര്‍ട്ട്: ബിജു പീറ്റര്‍