നുസൈഫാ ബീവിയെ ഉടനെ മോചിപ്പിക്കാന്‍ ഫൊക്കാസ നിവേദനം
Thursday, August 28, 2014 8:28 AM IST
റിയാദ്: ശിക്ഷാകാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലേറെയായി സൌദിയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നുസൈഫാ ബീവിയെ മോചിപ്പിക്കുന്നതിനായി ഇന്ത്യന്‍ എംബസിയും സര്‍ക്കാരും ഇടപെടണമെന്നാവശ്യപ്പെട്ട് റിയാദിലെ ഫൊക്കാസ എന്ന സംഘടന ഇന്ത്യന്‍ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ദ് കോട്ടല്‍വാറിന് നിവേദനം സമര്‍പ്പിച്ചു.

ഫെബ്രുവരി 2009 മുതല്‍ ഓഗസ്റ് 2010 വരെ ഒരു വര്‍ഷക്കാലം സൌദിയിലെ ദമാമില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് തോലിക്കോട് അല്‍ അമീന്‍ മന്‍സിലിലെ നുസൈഫാ ബീവി റഹ്മത്ത് ജോലിക്കൂടുതല്‍ കാരണം ജോലിയില്‍ നിന്നും വിട്ട് നില്‍ക്കുകയും സ്പോണ്‍സര്‍ അറിയാതെ നാട്ടിലേക്ക് പോവുകയുമായിരുന്നു എന്നു പറയുന്നു. പിന്നീട് മറ്റൊരു വീസയില്‍ കുവൈത്തിലെത്തി ഒരു ആശുപത്രി പ്രോജക്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ കുവൈറ്റ് പോലീസ് അറസ്റു ചെയ്യുകയായിരുന്നു. സൌദിയില്‍ ജോലി ചെയ്ത സമയത്ത് മോഷണം നടത്തി മുങ്ങിയതായി സ്പോണ്‍സര്‍ നല്‍കിയ കേസിനെതുടര്‍ന്നായിരുന്നു കുവൈറ്റില്‍ അറസ്റ് ചെയ്യപ്പെട്ടത്.

കുവൈറ്റ് പോലീസ് സൌദി അറേബ്യക്ക് കൈമാറിയ നുസൈഫാ ബീവി ദമാമിലെ ഫൈസലിയ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ദമാം കോടതി ഒരു വര്‍ഷം തടവും 150 അടിയും ശിക്ഷ വിധിച്ച നുസൈഫയുടെ ശിക്ഷാ കാലാവധി ജൂണില്‍ അവസാനിച്ചതായി നിവേദനത്തില്‍ പറയുന്നു. എത്രയും പെട്ടെന്ന് ഈ സ്ത്രീയെ ജയില്‍ നിന്നും മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ എംബസി ഇടപെടണമെന്നാണ് ഫൊക്കാസയുടെ ആവശ്യം. ചില സാങ്കേതിക കാരണങ്ങളാണ് നുസൈഫാ ബീവിയുടെ മോചനം നീളാന്‍ കാരണമെന്നറിയുന്നു. മോചനത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ ആവശ്യമായ നിയമസഹായങ്ങള്‍ എംബസി നല്‍കണമെന്ന് ഫൊക്കാസ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് ഫൊക്കാസ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും നിവേദനമയച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍