കേളിയുടെ സാമൂഹ്യസേവനം പ്രശംസനീയം: കെ.വി. തോമസ്
Wednesday, August 27, 2014 8:44 AM IST
കൊച്ചി: യൂറോപ്യന്‍ മലയാളി സംഘടനയായ കേളിയുടെ സാമൂഹ്യ സേവനം പ്രശംസനീയമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി കെ. വി. തോമസ് എംപി. കുമ്പളങ്ങി യില്‍ നടന്ന ധന സഹായ വിതരണ ചടങ്ങിലാണ് കേളിയുടെ സമൂഹ്യപ്രതിബദ്ധ തയെ മന്ത്രി പ്രശംസിച്ചത്.

സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരായ അംഗ വൈകല്യം ഉള്ള കുട്ടികളുടെ ബഡ്സ് സ്കൂളിലേക്കുള്ള സഹായധനം കേളി കൈമാറി. കേളിയുടെ പ്രോജക്ട ആയ കിന്റര്‍ ഫോര്‍ കിന്റര്‍ സമാഹരിച്ച ഒമ്പതു ലക്ഷം വിവിധ പദ്ധതികള്‍ക്കായി വിതരണം ചെയ്തു.

മുന്നൂറ് കുട്ടികള്‍ക്ക് സഹായ ധനം, നൂറ് ആദിവാസി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് കൂടാതെ പുതിയ പദ്ധതിയായ കേളി മൈക്രോ ക്രെഡിറ്റ് വഴി ഇരുപത് പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സഹായവും ഈ വര്‍ഷം കേളി നല്‍കി. കേളി വൈസ് പ്രസിഡന്റ് ജേക്കബ് മാളിയേക്കല്‍ രാജഗിരി പ്രോജക്ട് മാനേജര്‍ എം.പി. ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു. അംഗ വൈകല്യം ഉള്ള കുട്ടികള്‍ക്ക് കിറ്റും വീല്‍ ചെയറും കേളി തദവസരത്തില്‍ വിതരണം ചെയ്തു.

കെ.വി. തോമസ് എംപി, ഡൊമിനിക് പ്രസന്റെഷന്‍ എംഎല്‍എ കൂടാതെ വിവിധ മേഖലയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഇതുവരെ ഒന്നര കോടിയിലധികം രൂപ കേളി കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ചു. കേളി ഒരുക്കുന്ന ഓരോ കലാ സായാഹ്നങ്ങളില്‍ നിന്നുള്ള വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്നുവെന്ന് സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ ബെന്നി പുളിക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍