പ്രേക്ഷക ഹൃദയങ്ങളില്‍ നോവുണര്‍ത്തി 'ഞാന്‍ കര്‍ണ്ണന്‍'
Wednesday, August 27, 2014 8:42 AM IST
ന്യൂഡല്‍ഹി: മാധവാ .... കേശവാ ... കൂട്ടുകാരനായ ദുര്യോദനനെ ആത്മാര്‍ഥ മിത്രമായി സ്നേഹിച്ചതാണോ ഞാന്‍ ചെയ്ത പാതകം ? കുരുക്ഷേത്ര ഭൂമിയില്‍ പാര്‍ഥന്റെ ശരമേറ്റു പിടയുന്ന കര്‍ണ്ണന്റെ സമീപമെത്തുന്ന കൃഷ്ണനോടുള്ള ചോദ്യം ഒരു ഗര്‍ജനമായി മുഴങ്ങി. മെല്ലെ അതൊരു തേങ്ങലായൊഴുകി.
മയൂര്‍ വിഹാറിലെ കാര്‍ത്യായനി ഓഡിറ്റോറിയത്തില്‍ തിങ്ങി കൂടിയ ആസ്വാദകരുടെ കണ്ണുകളെ ഈറനണിയിച്ച് ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സില്‍വര്‍ ജൂബിലി മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സന്ധ്യയില്‍ തിങ്ങിനിറഞ്ഞ പ്രേക്ഷക മനസുകളില്‍ മായാത്ത അനുഭവമായി 'ഞാന്‍ കര്‍ണ്ണന്‍' എന്ന കഥാപ്രസംഗം അരങ്ങേറി.
ആലപ്പുഴ എസ്ഡി കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ആര്യാ രാജ് ആണ് അവതരിപ്പിച്ചത്. ആലപ്പുഴ ജില്ലയിലെ നോര്‍ത്ത് ആര്യാട് നടരാജന്റെയും ജയശ്രീയുടേയും മകളാണ് ആര്യ. കഥാ രചനയും സംഗീതവും നല്‍കിയത് ആര്യയുടെ ഗുരു കൂടിയായ പള്ളുരുത്തി രാമചന്ദ്രന്‍ ആണ്.

വളരെക്കാലങ്ങള്‍ക്കു ശേഷം നല്ലൊരു കഥാപ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മയൂര്‍ വിഹാറിലെ കലാസ്നേഹികള്‍. അതിനായി പ്രയത്നിച്ച ആര്‍ഷ ധര്‍മ്മ പരിഷത് ഭാരവാഹികള്‍ക്ക് നന്ദി അറിയിക്കുകയാണ് അവര്‍.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി