ഫിലാഡല്‍ഫിയ ക്നാനായ മിഷനില്‍ സെന്റ് ജോണ്‍ ന്യുമാന്റെ തിരുനാള്‍ ഓഗസ്റ് 30, 31 തീയതികളില്‍
Wednesday, August 27, 2014 8:39 AM IST
ഫിലാഡല്‍ഫിയ: സെന്റ് ജോണ്‍ ന്യുമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ആദ്യമായി ഫിലാഡല്‍ഫിയ വിശുദ്ധനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ ന്യൂമാന്റെ തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാളും സംയുക്തമായി ഓഗസ്റ് 30,31 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

30 ന് (ശനി) വൈകുന്നേരം 6.30ന് ലദീഞ്ഞോടുകൂടി രണ്ടു ദിവസത്തെ തിരുനാളിനു തുടക്കമാവും. തുടര്‍ന്ന് സീറോ മലബാര്‍ ഫൊറോന പളളി വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മാതാവിന്റെ ഗ്രോട്ടോയിലേക്ക് മെഴുകുതിരി പ്രദക്ഷിണം, കുര്‍ബാനയുടെ സമാപനാശീര്‍വാദം എന്നിവ നടക്കും. ഫാ. ജേക്കബ് ജോണ്‍ തിരുനാള്‍ സന്ദേശം നല്‍കും. സ്നേഹ വിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും.

പ്രധാന തിരുനാള്‍ ദിനമായ 31 ന് (ഞായര്‍) വൈകുന്നേരം നാലിന് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ലദീഞ്ഞിനുശേഷം ആഘോഷമായ സമൂഹബലി. ന്യുയോര്‍ക്ക് റോക്ലാന്‍ഡ് ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടേല്‍ മുഖ്യകാര്‍മികനായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ ഫാ. ഡോ. മാത്യു മണക്കാട്ട്, ഫാ. ഷിജു മുടക്കോടില്‍ (ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് പളളി അസി. വികാരി), ഫാ. തോമസ് മലയില്‍ (സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് ചര്‍ച്ച് മുന്‍ വികാരി) എന്നിവര്‍ സഹകാര്‍മികരാവും. ഫാ. ഷിജു മുടക്കോടില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണം, കുര്‍ബാനയുടെ സമാപനാശീര്‍വാദം എന്നിവ നടക്കും.

തുടര്‍ന്ന് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്നാനായ നൈറ്റ് അരങ്ങേറും. സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ച് പാസ്റ്റര്‍ മോണ്‍. ജോസഫ് ഡങ്കന്‍ ആശംസകള്‍ അര്‍പ്പിക്കും. ക്നാനായ തനിമയും പൈതൃകവും വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ ക്നാനായ നൈറ്റില്‍ അവതരിപ്പിക്കപ്പെടും. സ്നേഹ വിരുന്നോടുകൂടി രണ്ടു ദിവസത്തെ തിരുനാളും ക്നാനായ കലാസന്ധ്യയും സമാപിക്കും.

വിശുദ്ധരുടെ തിരുനാളിലും ക്നാനായ നൈറ്റിലും പങ്കെടുക്കാന്‍ ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള എല്ലാ വിശ്വാസികളെയും മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. മാത്യു മണക്കാട്ട്, കൈക്കാരന്മാരായ ജോസഫ് മാണി (സണ്ണി പാറക്കല്‍), ക്ളമന്റ് പതിയില്‍, ക്നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചാരാത്ത് എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍