ഉമ്മന്‍ചാണ്ടിക്കും സുധീരനും ഐഎന്‍ഒസി ഷിക്കാഗോയുടെ അഭിനന്ദനങ്ങള്‍
Monday, August 25, 2014 8:24 AM IST
ഷിക്കാഗോ: 418 ബാറുകള്‍ അടച്ചു പൂട്ടുകയും ബാക്കിയുളള 312 ബാറുകള്‍ക്കുളള ലൈസന്‍സ് റദ്ദ് ചെയ്യുവാനും തൊഴിലാളികളുടെ പുനരധിവാസത്തിന് പദ്ധതികള്‍ തയാറാക്കാനും പടിപടിയായി ബിവറേജസ് കോര്‍പ്പറേഷനുകളുടെ ഔട്ട്ലെറ്റ് സ്റോറുകള്‍ കുറച്ചു കൊണ്ടു വരുവാനും അങ്ങനെ 10 കൊല്ലം കൊണ്ട് കേരളത്തെ മദ്യത്തില്‍ നിന്നും വിമുക്തമാക്കാനുമുളള സുപ്രധാനവും സുധീരവുമായ തീരുമാനം കൈക്കൊണ്ട കേരള ഗവണ്‍മെന്റിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും, യുഎഡിഎഫ് സഖ്യകക്ഷികള്‍ക്കും ഐഎന്‍ഒസി ഷിക്കാഗോ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളുമര്‍പ്പിച്ചു.

ഇതുപോലുളള ധീരമായ തീരുമാനങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയുളള സുപ്രധാന ചുവടുവയ്പാണെന്ന് യോഗം വിലയിരുത്തി. ഒരു പരിധിവരെ മോഷണവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുവാന്‍ മദ്യനിരോധനം ഉതകുമെന്നും വമ്പിച്ച വിപത്തിലേക്കു നീങ്ങിയിരുന്ന കേരള മണ്ണിന്റെ മക്കള്‍ക്ക് ഈ തീരുമാനം സുപ്രധാനമായ വഴിത്തിരിവാകുമെന്നും ഒരു പുതുജീവന്‍ നല്‍കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ഐഎന്‍ഒസി ഷിക്കാഗോ പ്രസിഡന്റ് തോമസ് മാത്യു പടന്നമാക്കല്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് പാലമലയില്‍, സതീശന്‍ നായര്‍, ലൂയി ഷിക്കാഗോ, ജോഷി വളളിക്കുളം, റിന്‍സി കുര്യന്‍, മനിഷ് ജോസഫ്, ബാബു മാത്യു, തമ്പി മാത്യു, ഈശോ കുര്യന്‍, തോമസ് ദേവസി, സജി തയ്യില്‍ ജോസഫ് നാഴിയാംപാറ, ആന്റോ കവലക്കന്‍, അജയന്‍ കുഴിമറ്റം, പി.കെ. നടരാജന്‍ തുടങ്ങിവര്‍ പങ്കെടുത്തു. ജോസി കുരിശുങ്കല്‍ കേരള മന്ത്രി സഭയുടെ സുപ്രധാനമായ ഈ തീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനമര്‍പ്പിച്ചുള്ള പ്രമേയം അവതരിപ്പിച്ചു. സന്തോഷ് നായര്‍, ടോമി അമ്പോനാട്ട്, സാല്‍ബി പോള്‍, സിനു പലക്കാത്തടം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു പ്രസംഗിച്ചു. ഹെറാള്‍ഡ് ഫിഗറാദോ നന്ദി രേഖപ്പെടുത്തി.