ഡോ. ജോര്‍ജ് അരീക്കലിനെ ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ ആദരിച്ചു
Monday, August 25, 2014 8:17 AM IST
കൊളോണ്‍: ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തില്‍ വിവിധ മേഖലകള്‍ കഴിവു തെളിയിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ജിഎംഎഫിന്റെ ജര്‍മനിയില്‍ നടന്ന പ്രവാസി സംഗമത്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ അറുപത്തിയെട്ടാമത് വാര്‍ഷികദിനത്തോടനുബന്ധിച്ചു നടത്തിയ ആഘോഷവേളയിലാണ് പുരസ്കാരങ്ങള്‍ നല്‍കിയത്.

ഡോ. ജോര്‍ജ് അരീക്കല്‍ (ജര്‍മനി, സോഷ്യല്‍ സര്‍വീസ്), ജോഷി മാത്യു (ഇന്ത്യ, ഫിലിം), പ്രഫ.ഡോ.രാജപ്പന്‍ നായര്‍ (യുഎസ്എ, എഡ്യുക്കേഷന്‍), തോമസ് ചാക്കോ (യുഎഇ, ബിസിനസ്), സോജന്‍ ജോസഫ് (യുകെ, പ്രവാസി അത്ലറ്റിക്), ബോബി ചെമ്മണ്ണൂര്‍ (ഇന്ത്യ, ചാരിറ്റി) എന്നിവരാണ് ഇത്തവണ അവാര്‍ഡു നേടിയത്.

ജിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. ജോയി മാണിക്കത്ത് അവാര്‍ഡ് ജേതാവായ ഡോ.അരീക്കലിനെ സദസിന് പരിചയപ്പെടുത്തി. ജര്‍മനിയിലെ വിവിധ സംഘടനാ നേതാക്കളും പ്രതിനിധികളും ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. ബേബി ചാലായില്‍, ജോജി കോട്ടയ്ക്കല്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. പുരസ്കാരത്തിന് നന്ദി പറഞ്ഞ ഡോ. ജോര്‍ജ് തനിയ്ക്കു കിട്ടിയ പുരസ്കാരം ജര്‍മന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി പറഞ്ഞു.

ജര്‍മനിയിലെയും ഇന്ത്യയിലെയും സോഷ്യല്‍ സര്‍വീസ് രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ഡോ. ജോര്‍ജ് അരീക്കല്‍ 1961 ലാണ് ജര്‍മനിയില്‍ കുടിയേറിയത്. ജര്‍മനിയിലെ സോഷ്യല്‍ സര്‍വീസ് രംഗത്ത് കൂടുതല്‍ വിശേഷണം ആവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമയാണ് ഡോ.അരീക്കല്‍. ഉന്നതപഠനാര്‍ഥം ജര്‍മനിയിലെത്തിയ ഡോ.അരീക്കല്‍ ഫിലോസഫിക്കു പുറമെ രാഷ്ട്രീയ ധനതത്വശാസ്ത്രത്തില്‍ ബിരുദവും നേടി. 1970/71 കാലഘട്ടത്തില്‍ ബീഹാറിലെത്തി സോഷ്യല്‍ എക്ണോമിക് വികസനത്തില്‍ എന്‍ജിഒകളുടെ പങ്ക് എന്ന വിഷയത്തില്‍ ഗവേഷണത്തില്‍ നടത്തി 1971 ല്‍ ജര്‍മനിയിലെ ഫ്രൈബുര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്റേറ്റ് കരസ്ഥമാക്കി. തുടര്‍ന്ന് 1972 മുതല്‍ 1985 വരെ ജര്‍മന്‍ കത്തോലിക്കാ യൂത്ത് കരിയറിന്റെ ചുമതലക്കാരനായി ഡ്യൂസല്‍ഡോര്‍ഫില്‍ സ്ഥാനമേറ്റു.

തുടര്‍ന്ന് 1987 വരെ ബെന്‍സ്ബെര്‍ഗ് ആസ്ഥാനമായുള്ള കാള്‍ ക്യൂബല്‍ ഫൌണ്ടേഷന്‍ (ഗഗട) നടത്തുന്ന വികസനപദ്ധതികളുടെ തലവനുമായി. 1988 മുതല്‍ 2005 വരെ ഫൌണ്ടേഷന്റെ ചെയര്‍മാനായിരുന്ന ഡോ.ജോര്‍ജ് 2005 ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. 1991 മുതല്‍ ഫൌണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഇദ്ദേഹം 2000 മുതല്‍ 2005 വരെ ഫൌണ്ടേഷന്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷന്‍ ഡവലപ്മെന്റ മാനേജ്മെന്റില്‍ ഉപദേഷ്ടാവായി. 2013 ല്‍ ജര്‍മനിയില്‍ തിരിച്ചെത്തിയ ഇദ്ദേഹം കെകെഎസ് ഫൌണ്ടേഷന്റെ ബോണിലെ അന്ധേരി ഹെല്‍പ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിസ്വാര്‍ഥമായി സേവനം ചെയ്യുന്നു. രണ്ടു പുസ്തകങ്ങളുടെ കര്‍ത്താവുകൂടിയാണ് ഡോ.ജോര്‍ജ് അരീക്കല്‍.

ഗൈനക്കോളജിസ്റ് ഡോ.ലെയോണിയാണ് ഭാര്യ. രണ്ടു പെണ്‍മക്കളും മൂന്നു പേരക്കിടാങ്ങളുമുള്ള ഡോ.ജോര്‍ജും ഭാര്യയും ഇപ്പോള്‍ കൊളോണില്‍ വിശ്രമജീവിതം നയിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍